
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് പുറത്തായതിനാല്‍ പ്രചാരണത്തിനിറങ്ങേണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി. ലൈംഗികാരോപണ വിധേയനായ രാഹുല്‍ പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വ്യാപകമായി രംഗത്തിറങ്ങിയതിനെതിരെ ബിജെപിയും ഇടതു കക്ഷികളും കടുത്ത വിമര്‍ശനമുയര്‍ത്തിയതോടെയാണ് ഈ വിശദീകരണം.
അതേസമയം സമയമാകുമ്പോള്‍ തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ശബ്ദ സന്ദേശം നിഷേധിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
‘എന്റേതാണ് എന്നും പറഞ്ഞ് ഒരു ശബ്ദം കൊടുക്കുന്നു. അതിന് മുമ്പ് എന്നെ വിളിച്ച് ഈ ശബ്ദം നിങ്ങളുടേതാണോ എന്ന് ചോദിച്ച ശേഷം അത് പുറത്തുവിടുന്നതിന് പകരം, വോയിസ് എന്റേതാണെന്നും പറഞ്ഞ് ചിത്രം ഉള്‍പ്പെടെ വച്ച് കൊടുത്തതിനുശേഷം അത് എന്റേതാണോ എന്ന് ചോദിക്കുന്നു. ഞാന്‍ ആദ്യം തന്നെ പറഞ്ഞു, അന്വേഷണം മുന്നോട്ട് പോയതിന് ശേഷം ഒരു ഘട്ടം കഴിയുമ്പോള്‍ എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത് കൂട്ടിച്ചേര്‍ക്കും. ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ഞാന്‍ ചെയ്തിട്ടില്ല. ആ നിലയ്‌ക്ക് എനിക്ക് നിയമപരമായി മുമ്പോട്ട് പോകാനുള്ള അവകാശമുണ്ട്’- രാഹുല്‍ പറഞ്ഞു.