കൊച്ചി: കോതമംഗലം ലൗ ജിഹാദുമായി ബന്ധപ്പെട്ട് പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ. തമിഴ്നാട്ടിലെ സേലത്ത് നിന്നും പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്തെത്തിക്കും. ഇരുവർക്കുമെതിരെ ആത്മഹത്യ കുറ്റം ചുമത്തും. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്.
പ്രതികൾക്കായി പറവൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകൾ സോനയാണ് ലൗ ജിഹാദിൽ കുടുങ്ങി ആത്മഹത്യ ചെയ്തത്. ഓഗസ്റ്റ് 9 ശനിയാഴ്ചയാണ് സോനയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നു എന്നും, രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും, പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉൾപ്പെടെയുളളവയാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്. വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മർദിച്ചുവെന്നും പെൺകുട്ടിയുടെ സഹോദരൻ ബേസിൽ പറയുന്നു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടർന്നെന്നും പെൺകുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്.