കോതമംഗലം കറുകടത്ത് ടി.ടി.സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും പൊലീസ് പ്രതിചേര്‍ത്തു. ആലുവ പാനായിക്കുളം തോപ്പില്‍പറമ്പില്‍ റഹീമിനെയും ഭാര്യ ഷെറിനെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് പ്രതി ചേര്‍ത്തത്.
അറസ്റ്റ് മുന്നില്‍കണ്ട് റമീസിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. ഇരുവരുടെയും അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ച സുഹൃത്ത് സഹദിനെയും പ്രതി ചേര്‍ത്തതോടെ കേസില്‍ നാല് പ്രതികളായി. നേരത്തേ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റമീസിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.
മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.
ആണ്‍സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.