
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണത്തിലെത്തിയ വേളയില്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച മൂന്നു നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്ത് ബി ജെ പി.
കവടിയാര്‍ വാര്‍ഡിലെ പരാജയത്തില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദ്, മുടവന്‍മുള്‍ വാര്‍ഡിലെ തോല്‍വിയില്‍ നേമം മണ്ഡലം സെക്രട്ടറി രാജ്കുമാര്‍, കാഞ്ഞിരംപാറ വാര്‍ഡില്‍ വോട്ടു കുറഞ്ഞതിന് വട്ടിയൂര്‍ക്കാവ് മണ്ഡലം മീഡിയ കണ്‍വീനര്‍ സുനില്‍കുമാര്‍ എന്നിവരെ ബിജെപി ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പരസ്യമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയന്‍ അറിയിച്ചു.
തിരുവനന്തപുരം കോര്‍പറേഷനില്‍ 50 വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. ആകെ 101 സീറ്റുകളുളള കോര്‍പ്പറേഷനില്‍ സ്വതന്ത്ര അംഗം പാറ്റൂര്‍ രാധാകൃഷ്ണന്‍ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചു.ഇതോടെ കേവല ഭൂരിപക്ഷമായി.