• Sat. Aug 23rd, 2025

24×7 Live News

Apdin News

കോഴിക്കറിയും ചിക്കന്‍ ഫ്രൈയുമാകാം പക്ഷേ…

Byadmin

Aug 23, 2025



ന്തെല്ലാമായിരുന്നു ഈ ആഴ്ച. ദേശീയ രാഷ്‌ട്രീയം കുഴഞ്ഞു മറിയുകയായിരുന്നില്ലേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം, രാഹുല്‍ ഗണ്ഡിയുടെ വോട്ടു ചോരി സമരം, പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി അമിത്ഷാ ബില്ല് അവതരിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭം. ഇതിനിടയില്‍ തന്നെയാണ് സിപിഎമ്മിലെ അഴിമതിക്കഥ പാട്ടായത്. ഇതൊക്കെ പോരെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍. ആഘോഷം പൊടിപൂരമാക്കുമ്പോഴാണൊരു പെണ്ണുകേസ് പൊടുന്നനെ വന്നത്. ‘ഹു കെയേഴ്‌സ്’ എന്ന മറുപടിയില്‍ മുഖം മറയ്‌ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ യുവനേതാവിന്റെ മുഖംമൂടി വലിച്ചുകീറുന്നതായിരുന്നു അത്. രാഹുല്‍ മാങ്കൂട്ടത്തിലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ സ്ഥാനം തെറിച്ചു. പാലക്കാട് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം എന്ന ശക്തമായ ആവശ്യം നിലനില്‍ക്കുകയാണ്.

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുന്നതില്‍ പ്രതിഷേധിച്ച് പൂവന്‍കോഴിയേയുമേന്തി പ്രകടനം നടത്തിയതില്‍ കോണ്‍ഗ്രസുകാര്‍ക്കമര്‍ഷം. മിണ്ടാ പ്രാണിയെ പീഡിപ്പിച്ചതിന് കേസും കൊടുത്തു. കോഴിയെ കൊന്ന് ചിക്കന്‍ ബിരിയാണിയും ഫ്രൈയും ചില്ലിചിക്കനും തിന്നാന്‍ മടിയില്ലാത്ത കോണ്‍ഗ്രസുകാര്‍ക്കാണ് കോഴിയേയും പിടിച്ച് പ്രകടനം നടത്തിയപ്പോള്‍ ചങ്ക് പിടച്ചത്. അതേതായാലും ഇനിയും തുടരാനാണ് സാധ്യത. ഇവിടെ അതല്ല വിഷയം.

പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍എസ്എസിന്റെ പേരു പറഞ്ഞതാണ് കോണ്‍ഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും അങ്കലാപ്പിലാക്കിയത്? ആര്‍എസ്എസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സേവനസേന മാതൃകാപരം എന്നു പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സഹിക്കുമോ ?

ആര്‍എസ്എസിന് ഒപ്പം പ്രവര്‍ത്തനം തുടങ്ങിയതല്ലെ അവര്‍. ഇപ്പോള്‍ എത്രയാണ് കമ്മ്യൂണിസ്റ്റുകാര്‍. പലതായി. ചെറുതായി. കോണ്‍ഗ്രസുകാരും അങ്ങനെ തന്നെ. എത്രയാണ് കോണ്‍ഗ്രസ്. അങ്ങനെയാണോ ആര്‍എസ്എസ്. ഒരു സംഘടന, ഒരു നേതാവ്. എണ്ണിയാലൊടുങ്ങാത്ത സേവന പ്രവര്‍ത്തനങ്ങള്‍. കാറ്റും മഴയും വെള്ളക്കെട്ടും വെള്ളപ്പൊക്കവും യുദ്ധവുമെന്നുവേണ്ട എല്ലാവിധ കെടുതികളിലും സേവന സന്നദ്ധരായ സംഘടനയെക്കുറിച്ചിങ്ങനെ പറയാമോ!

ഇതിനോടൊപ്പമാണ് രാഹുല്‍ ഖണ്ഡിയുടെ ആറ്റംബോംബ് പൊട്ടിയത്. ബെംഗളൂരിലെ ഒരു മണ്ഡലത്തില്‍ ലക്ഷക്കണക്കിന് വോട്ടുചേര്‍ത്തു. അത് നമ്മള്‍ ഭരിക്കുമ്പോഴല്ലെ എന്നു ചോദിച്ചയാള്‍ക്ക് മന്ത്രിപ്പണി പോയതു മിച്ചം! പ്രതിപക്ഷത്തിന് ആഘോഷിക്കാന്‍ വോട്ടു ചോര്‍ച്ച. പ്രതിപക്ഷത്തിന് ആഘോഷിക്കാന്‍ മറ്റെന്തെങ്കിലും വേണോ ? ബീഹാറില്‍ വോട്ടുചോരി യാത്രയും തുടങ്ങി. തുടക്കത്തില്‍ വലിയ കോലാഹലം കേട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനത്തോടെ ആറ്റംബോംബ് ഏറുപടക്കമായി. സംശയത്തിന്റെ പുകമറയല്ലാതെ തീയുമില്ല, പുകയുമില്ല. എല്ലാം ചീറ്റിപ്പോയി. അക്ഷരാര്‍ത്ഥത്തില്‍ പുലിക്കു പിറന്നതിന് നഖമില്ലാതായി. പുല്ലുകാണിച്ചാല്‍ പൈക്കുട്ടി പിന്നാലെ എന്ന ചൊല്ലുപോലും ചേരാതായി. ആദ്യം കണ്ട ജനക്കൂട്ടത്തെ എങ്ങും കാണാതായി. കേരളത്തിലെ മാധ്യമങ്ങള്‍ പോലും ഒച്ചയും ബഹളവും ഇല്ലാതാക്കി. ഇതിനിടയിലാണ് പാര്‍ലമെന്റിലെ ബഹളം. രാഹുലിനെ കളത്തിലിറക്കുന്ന കെ.സി വേണുഗോപാലും കൂട്ടരും പാര്‍ലമെന്റില്‍ പോരിനിറങ്ങി. ഗുജറാത്തില്‍ കേസില്‍പ്പെട്ട് ജയിലില്‍ കിടന്നപ്പോള്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കാത്ത അമിത്ഷാ ബില്ലവതരിപ്പിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടലറി. അക്ഷമനായി വേണു പറയുന്നതെല്ലാം കേട്ട് അമിത്ഷാ എഴുന്നേറ്റു. ഒടുവിലെന്തായി. പിടിച്ചതുമില്ല കടിച്ചതുമില്ല എന്നവസ്ഥയായി. അറസ്റ്റു ചെയ്ത അന്നുതന്നെ മന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരു ഭരണഘടനാ ചുമതലയും താന്‍ വഹിച്ചില്ലെന്നും അമിത്ഷാ പറഞ്ഞപ്പോള്‍ ‘അയ്യടാ’ എന്ന അവസ്ഥയിലായി.

മിണ്ടാട്ടം മുട്ടിയ സിപിഎം സെക്രട്ടറിക്കടക്കം നാവു പൊങ്ങിയത് രാഹുലിന്റെ പെണ്ണുപിടിത്തം കൊഴുത്തപ്പോഴാണല്ലോ. പാര്‍ട്ടി പോളിറ്റ് ബ്യൂറേയിലെ അംഗങ്ങള്‍ക്ക് നേരിട്ട് ബന്ധമുള്ള ഇടപാടിന്റെ ഇടനിലക്കാരന്‍ രാജേഷ് കൃഷ്ണ എന്ന ലണ്ടന്‍ മലയാളിയാണെന്നും ആരോപണം ഉന്നയിച്ച മുഹമ്മദ് ഷെര്‍ഷാദ് ഉന്നയിച്ച കാര്യമാണ് പ്രധാനം. ഇത് സംബന്ധിച്ച് മധുര സമ്മേളനത്തില്‍ നല്‍കിയ പരാതി ചോര്‍ന്നതോ ചോര്‍ത്തിയതോ ?

ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തിന്റെ പങ്കെന്ത് എന്നതാണ് ചോദ്യം. ഷെര്‍ഷാദും രാജേഷ് കൃഷ്ണയും പാര്‍ട്ടിക്കാരാണ് എന്നതാണ് സവിശേഷത. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇ.പി. ജയരാജന്‍-ഗോവിന്ദന്‍ യുദ്ധത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രശ്‌നം പുറത്ത് വന്നത് എന്നും പറയപ്പെടുന്നുണ്ട്. അത് എന്തുതന്നെ ആയാലും, അന്തപുരത്തില്‍ കലഹം പൊട്ടിപ്പുറപ്പെടുമ്പോഴാണ് അരമന രഹസ്യം അങ്ങാടിപ്പാട്ടാകുന്നത്. ഷെര്‍ഷാദ്-രാജേഷ് കൃഷ്ണ യുദ്ധം തുടങ്ങിയിട്ട് കാലം കുറച്ചായി. മമ്മൂട്ടിയും രാജേഷ് കൃഷ്ണയും ഒരുമിച്ച് ചേര്‍ന്ന് തന്റെ കുടുംബം കലക്കി എന്ന ആരോപണം ഷെര്‍ഷാദ് ഒരു വര്‍ഷം മുമ്പ് ഉന്നയിച്ചിരുന്നു. പുഴു എന്ന സിനിമയുടെ സംവിധായിക രത്തീന ഷെര്‍ഷാദിന്റെ ഭാര്യയായിരുന്നു. അന്നു മുതല്‍ തുടരുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ ഭാഗമായിട്ടാണ് ഇക്കാര്യത്തിലും വെളിപ്പെടുത്തല്‍ ഉണ്ടായത്.

രാജേഷ് കൃഷ്ണ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സഹായത്തോടെ ഷെല്‍ കമ്പനികള്‍ ഉണ്ടാക്കി റിവേഴ്‌സ് ഹവാല വഴി പണം രാജ്യത്ത് എത്തിക്കുന്നു എന്നാണ് ആരോപണം. പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന ഒരു അനുയായി എന്ന നിലയില്‍ രാജേഷ് കൃഷ്ണയും പാര്‍ട്ടി നേതാക്കളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് പാ
ര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിക്കാണ് ഷെര്‍ഷാദ് പരാതി നല്‍കിയത്.

ആ പരാതിയുടെ പകര്‍പ്പ് രാജേഷ് കൃഷ്ണയ്‌ക്ക് പാര്‍ട്ടി നേതാക്കള്‍ ചോര്‍ത്തി നല്‍കി. ഷെര്‍ഷാദിന് എതിരെ രാജേഷ് ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെളിവായി ഈ രേഖ ഹാജരാക്കിയിട്ടുണ്ട്. അതോടെയാണ് ഭാരതത്തില്‍ നിന്നും പലവിധ തട്ടിപ്പ് നടത്തി പാര്‍ട്ടി നേതാക്കള്‍ സമാഹരിക്കുന്ന പണം ഹവാലയിലൂടെ വിദേശത്ത് എത്തിക്കുന്നു. അവിടങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ ആ പണം തിരിച്ച് ഇഭാരതത്തില്‍ എത്തുന്നു (ഇതാണ് റിവേഴ്‌സ് ഹവാല ) എന്ന വിവരം പുറത്തുവന്നത്. തോമസ് ഐസക് മാത്രമാണ് കേസ് കൊടുക്കുമെന്ന് പറഞ്ഞത്. നേതാക്കളില്‍ ചിലര്‍ നല്‍കിയ നോട്ടീസിന് മറുപടിയും നല്‍കി. ഏതായാലും പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ അലമ്പുണ്ടാക്കാന്‍ സഹായിക്കുന്ന വിഷയത്തിന് അല്‍പം ആശ്വാസം നല്‍കുന്നതായി രാഹുല്‍ വിഷയം. കേരളത്തിലും ദല്‍ഹിയിലും പാര്‍ട്ടിക്ക് രാഹുല്‍ തന്നെ ശരണം.

രാഹുല്‍ നടുക്കും എം.എ. ബേബിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഒപ്പം നിന്നുള്ള ചിത്രവും ആശ്വാസം പകരുന്നതുതന്നെ. ആ സഖ്യമെന്തിന് ദല്‍ഹിയില്‍ മാത്രമാക്കുന്നു. കേരളത്തിലേക്കും വ്യാപിപ്പിച്ചുകൂടെ എന്നേ അറിയാനുള്ളൂ.

By admin