കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.
അനൂസ് റോഷന്റെ വിദേശത്തുള്ള സഹോദരന്‍ അജ്മല്‍ റോഷന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്.
സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും മാതാവ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.