കോഴിക്കോട്: കോഴിക്കോട് ആറുവയസുകാരി അഥിതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അച്ഛന്റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്. കൊലപാതക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുന്നത്. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷയില്‍ വിധി തീരുമാനിക്കുന്നത്.
ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കുട്ടിയുടെ അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്‍ജനം എന്നിവരുടെ ശിക്ഷയാണ് വിധിക്കുന്നത്. വിചാരണ കോടതിവിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുക.
10 മാസത്തോളം കുട്ടിയും സഹോദരനും രക്ഷിതാക്കളില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമാണ്. ഒന്നാംപ്രതി സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ആദ്യവിവാഹം ശ്രീജ അന്തര്‍ജ്ജനവുമായിട്ടായിരുന്നു. ഈ ബന്ധത്തിലാണ് രണ്ടു കുട്ടികള്‍. വാഹനപകടത്തില്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ്, സുബ്രഹ്‌മണ്യന്‍ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു.
മരക്കഷണം കൊണ്ടും, കൈകള്‍ കൊണ്ടും അടിക്കുകയും, മര്‍ദിച്ചും മതിയായ ഭക്ഷണം നല്‍കാതെ കുട്ടികളെ പട്ടിണിക്കിട്ടും നിരന്തരം ഇവര്‍ മര്‍ദിക്കുമായിരുന്നു. വീട്ടിലെ കഠിനമായ ജോലികള്‍ കുട്ടികളെക്കൊണ്ട് ചെയ്യിച്ചു, അഥിതിയുടെ സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ ശരീരത്തിലും തിളച്ചവെള്ളം ഒഴിച്ചു, മുറിവുകള്‍ക്ക് ചികിത്സ നല്‍കിയില്ല, അതിഥിയുടെ കൈ ഒടിഞ്ഞിട്ടും വൈദ്യസഹായം നല്‍കിയില്ല, വീട്ടില്‍ പൂട്ടിയിട്ടു, തുടയിലും രഹസ്യഭാഗങ്ങളിലും മര്‍ദ്ദിച്ചു. എന്നാല്‍ ദിവസങ്ങളോളം കുട്ടിയുടെ സ്‌കൂള്‍ പഠനം മുടങ്ങിയപ്പോഴും വേദം പഠിക്കാന്‍ പോയതാണെന്നേ സ്‌കൂളില്‍ പറയാവൂ എന്ന് രണ്ടാനമ്മ ഭീഷണിപ്പെടുത്തി.
2013 ഏപ്രില്‍ 29ന് അതിഥിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. ഈ മര്‍ദ്ദനത്തില്‍ ആറു വയസ്സുകാരി മരിക്കുകയായിരുന്നു. വയറിന്റെ പിന്‍ഭാഗത്തും വശങ്ങളിലുമേറ്റ ക്ഷതവും ആഘാതവുമായിരുന്നു മരണകാരണം.
കേസില്‍ നിര്‍ണായകമായത് സഹോദരന്‍ അരുണിന്റെ മൊഴികളായിരുന്നു. പിതാവും രണ്ടാനമ്മയും തങ്ങളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പട്ടിണിക്കിടുന്നത് പതിവായിരുന്നെന്നും പത്ത് വയസുകാരന്‍ മൊഴി നല്‍കിയിരുന്നു. സംഭവദിവസം നടന്ന അതിക്രൂര മര്‍ദ്ദനം അരുണ്‍ പൊലീസിനോട് വിശദീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമായി. സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പടെ 19 മുറിവുകളാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്.
അതേസമയം വിചാരണ കോടതി പ്രതികളെ കൊലപാതകക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കുട്ടികളോടുള്ള കുറ്റകൃത്യം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മാത്രമാണ് കോടതി ശരിവെച്ചത്. കുട്ടികളെ നന്നായി വളര്‍ത്താനും, നല്ല ശിക്ഷണത്തിനും വേണ്ടിയാണ് പ്രതികള്‍ കുട്ടികളെ മുറിവേല്‍പ്പിച്ചത് എന്ന പ്രതിഭാഗം വാദം വിചാരണാക്കോടതി അംഗീകരിച്ചു. ഒന്നാം പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവ്, രണ്ടാം പ്രതിക്ക് രണ്ടുവര്‍ഷം തടവ് എന്നിങ്ങനെ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. പിതാവിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
പിന്നാലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേട്ടു. തുടര്‍ന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി മരവിപ്പിക്കുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തത്.