കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ. സീറ്റ് വിഭജനം പാളിയതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഐ ഒരുങ്ങുന്നത്. തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്‍ അര്‍ഹമായ പരിഘണന നല്‍കാന്‍ സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങിയത്. 14 വാര്‍ഡുകളില്‍ സിപിഐക്ക് നല്‍കിയത് ഒരു സീറ്റ് മാത്രം. തീരെ ജയ സാധ്യതയില്ലാത്ത സീറ്റാണ് നല്‍കിയത്. ഇതോടെയാണ് മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. ‘ഏകപക്ഷീയമായ നിലപാട് സ്വീകരിക്കേണ്ട നമ്മെ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മില്‍ നിന്ന് വന്നത്. സിപിഐയുടെ വോട്ടര്‍മാരില്ലാത്ത 5ാം വാര്‍ഡില്‍ മത്സരിക്കാന്‍ നല്‍കിയെങ്കിലും സിപിഐ നിഷേധിച്ചു. പിന്നാലെ സിപിഐക്ക് വോട്ടര്‍മാരുള്ള 8 വാര്‍ഡിലാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ബാലഗോപാല്‍ മാസ്റ്റര്‍ പറഞ്ഞു.’
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ അനുമതി ലഭിച്ചതിനാല്‍ പാര്‍ട്ടി ചഹ്നത്തില്‍ തന്നെയാണ് മത്സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള മത്സരം കാണാന്‍ ആകാംക്ഷയുണ്ടെന്ന് സിപിഐ സ്ഥാനാര്‍ത്ഥി പറഞ്ഞു.
ഇടതു മുന്നണിയിലെ പ്രധാന കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതോടെ ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് തുറയൂര്‍ പഞ്ചായത്ത്.