കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി. മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.
ഈ മാസം 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭിണിയായ റസീന നൗഷാദ് ചികിത്സക്കെത്തിയത്. തുടര്‍ന്ന്, ഡോക്ടര്‍ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആയെങ്കിലും പിന്നീട് പരിശോധനക്കായി ഡോക്ടര്‍മാരാരും വന്നില്ലെന്നും തുടര്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.
ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.