
കേരളത്തില്‍ ദേശീയപാത നിര്‍മാണം വെല്ലുവിളി നിറഞ്ഞത്
ന്യൂദല്‍ഹി: കോഴിക്കോട് -വയനാട് തുരങ്കപാത സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാന റോഡില്‍പ്പെടുത്തി സ്വന്തം പണം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. തുരങ്കപാതയ്‌ക്ക് സാമ്പത്തിക സഹായത്തിനായി കേരള സര്‍ക്കാരില്‍ നിന്ന് കേന്ദ്രത്തിന് ഇതുവരെ പ്രപ്പോസലുകളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. കോഴിക്കോട്-വയനാട് തുരങ്കപാത, ഭാരത്മാല പദ്ധതിയിലോ മറ്റ് കേന്ദ്രപദ്ധതികളിലോ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കെ. രാധാകൃഷ്ണന്‍ എംപിയുടെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തില്‍ ദേശീയപാത നിര്‍മാണം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണെന്നും ഗഡ്കരി സഭയെ അറിയിച്ചു.
റോഡിനിരുവശങ്ങളിലും പട്ടണങ്ങള്‍ വികസിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. എന്നാല്‍ എംപിമാര്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യങ്ങള്‍ നിരവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്. ദേശീയപാത സ്ഥലമേറ്റെടുപ്പിന് ഒരു കിലോമീറ്ററിന് 50 കോടിവരെയാകുന്നുണ്ട്. താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ ഭൂമിയേറ്റെടുത്ത് ചെരിവ് കുറച്ച് റോഡ് നിര്‍മിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേകസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.