കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.