ന്യൂഡൽഹി : ബിജെപിയുമായും ,ആർഎസ്‌എസുമായും മാത്രമല്ല, “ഇന്ത്യൻ സംസ്ഥാനവുമായും” കോൺഗ്രസ് പോരാടുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ പ്രസ്താവന വിവാദമാകുന്നു . പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തിനുശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുലിന്റെ വിവാദ പ്രസ്താവന.
‘ ബിജെപി അല്ലെങ്കിൽ ആർഎസ്‌എസ് എന്ന രാഷ്‌ട്രീയ സംഘടനയുമായിട്ടാണ് നമ്മൾ പോരാടുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല. നമ്മൾ ഇപ്പോൾ ബിജെപിയുമായും ആർഎസ്‌എസുമായും ഇന്ത്യൻ സംസ്ഥാനവുമായും പോരാടുകയാണ്,‘ എന്നാണ് രാഹുലിന്റെ പരാമർശം.
രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തെ തകർക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. “ഇനിയും മറച്ചുവെക്കേണ്ട, കോൺഗ്രസിന്റെ വൃത്തികെട്ട സത്യം അവരുടെ സ്വന്തം നേതാവ് തന്നെ തുറന്നുകാട്ടിയിരിക്കുന്നു. രാഷ്‌ട്രം മുഴുവൻ അറിയുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് രാഹുൽ ഗാന്ധിയെ ഞാൻ ‘അഭിനന്ദിക്കുന്നു’ – അദ്ദേഹം ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന്! അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പ്രവൃത്തികൾ ഈ വിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ചെയ്തതോ പറഞ്ഞതോ ആയതെല്ലാം ഇന്ത്യയെ തകർക്കുന്നതിനും നമ്മുടെ സമൂഹത്തെ വിഭജിക്കുന്നതിനുമാണ്,” നദ്ദ ട്വീറ്റ് ചെയ്തു.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരും രാഹുലിനെതിരെ രംഗത്ത് വന്നു.