ഗുവാഹത്തി: കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ പാക് ബന്ധത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാന മന്ത്രിസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ടിന്റെ സംഗ്രഹം ഉടൻ പരസ്യമാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
“എസ്‌ഐടി റിപ്പോർട്ടിനെക്കുറിച്ച് സംസ്ഥാന മന്ത്രിസഭ അതിന്റെ മന്ത്രിസഭാ യോഗത്തിൽ അനൗപചാരിക ചർച്ച നടത്തി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ അതിന്റെ ഉള്ളടക്കം മാധ്യമങ്ങളെ അറിയിക്കും. അദ്ദേഹം (ഗൊഗോയ്) ലോക്‌സഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് കൂടിയായതിനാൽ, രാജ്യമെമ്പാടുമുള്ള ആളുകൾ അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം അറിയണം. എനിക്ക് പറയാനുള്ളത് ഇത് വളരെ അപകീർത്തികരവും ദോഷകരവുമായ ഒരു റിപ്പോർട്ടാണെന്ന് മാത്രമാണ്,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
സ്പെഷ്യൽ ഡിജിപി (സിഐഡി) മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി സെപ്റ്റംബർ 10 നാണ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചത്. പാകിസ്ഥാൻ പൗരനായ അലി തൗഖീർ ഷെയ്‌ക്കിന്റെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനായി ഫെബ്രുവരി 17 നാണ് ഇത് രൂപീകരിച്ചത്. ഗൗരവ് ഗൊഗോയിയുടെ ഭാര്യയും ബ്രിട്ടീഷ് പൗരയുമായ എലിസബത്ത് കോൾബേൺ ഗൊഗോയിയുമായി ഷെയ്‌ക്കിന് ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി മുമ്പ് പറഞ്ഞിരുന്നു
.2013 ൽ കാലാവസ്ഥാ വ്യതിയാന പദ്ധതിയുടെ ഭാഗമായി തന്റെ ഭാര്യ അവിടെ ജോലി ചെയ്തിരുന്നപ്പോൾ താൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നതായി ഗൗരവ് ഗൊഗോയ് സമ്മതിച്ചെങ്കിലും പാകിസ്ഥാന്‍ പൗരനായ അലി തൗഖീർ ഷെയ്‌ക്കിന്റെ പ്രവർത്തനങ്ങളിൽ ഗൗരവ് ഗൊഗോയുടേ ഭാര്യയ്‌ക്ക് പങ്കാളിത്തം ഉണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ നേരത്തെ പറഞ്ഞിരുന്നു.