മുംബൈ : ആർട്ടിക്കിൾ 370 റദ്ദാക്കിയത് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ പ്രധാന തീരുമാനങ്ങളിലൊന്നാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്‌ട്രയിലെ ധൂലെയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം അവർ വീണ്ടും തങ്ങളുടെ ഗൂഢാലോചനകൾ ആരംഭിച്ചിരിക്കുകയാണെന്ന് കോൺഗ്രസ്-ഇൻഡി സഖ്യത്തിനെതിരെ രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. കശ്മീർ നിയമസഭയുടെ അവസാന ദിവസങ്ങളിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം സഭ പാസാക്കുകയും ബിജെപി എംഎൽഎമാരെ പുറത്താക്കുകയും ചെയ്തതിനെ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
രാജ്യത്തെ ജനങ്ങളോട് ഉണർന്നിരിക്കാനും ജാഗ്രത പാലിക്കാനും താൻ ആവശ്യപ്പെടുന്നു. ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ കോൺഗ്രസും ഇൻഡി സഖ്യവും വീണ്ടും ഗൂഢാലോചന ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിൽ ജമ്മുകശ്മീർ അസംബ്ലിയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സഖ്യ സർക്കാർ പ്രമേയം പാസാക്കി. രാജ്യം ഇത് അംഗീകരിക്കുമോ, ഇതിൽ നിങ്ങൾ തൃപ്തനാണോ, കശ്മീരിനെ തകർക്കുന്ന കോൺഗ്രസിന്റെ ഈ നടപടി നിങ്ങൾക്ക് സ്വീകാര്യമാണോയെന്നും മോദി ചോദിച്ചു.
കൂടാതെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനർ ഇൻഡി സഖ്യം നിയമസഭയിൽ ഉയർത്തിയപ്പോൾ ബിജെപി എംഎൽഎമാർ ഇതിനെ ശക്തമായി എതിർത്തെങ്കിലും അവരെ സഭയിൽ നിന്ന് പുറത്താക്കിയതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും യഥാർത്ഥ മുഖം രാജ്യത്തിന്റെ ജനങ്ങളുടെ മുന്നിൽ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ മോദി നടപ്പാക്കിയ ബാബാ സാഹിബിന്റെ ഭരണഘടന ഇല്ലാതാക്കുകയാണ് കോൺഗ്രസും സഖ്യകക്ഷികളും പാസാക്കിയ പ്രമേയം. ജമ്മു കശ്മീരിൽ തങ്ങൾ ഇന്ത്യൻ ഭരണഘടന നടപ്പാക്കി പക്ഷേ കോൺഗ്രസ് അത് മാറ്റാൻ ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിൽ ദളിത്, കീഴാളർ, ആദിവാസികൾ എന്നിവരുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
പാകിസ്ഥാൻ അജണ്ടയെ പ്രോത്സാഹിപ്പിക്കരുതെന്നും കശ്മീരിലെ വിഘടനവാദികളുടെ ഭാഷ സംസാരിക്കരുതെന്നും അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. തനിക്ക് രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതുവരെ കോൺഗ്രസിന്റെ പദ്ധതികൾ ജമ്മു കശ്മീരിൽ വിജയിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
കോൺഗ്രസിന് അതിന്റെ ഗൂഢാലോചനകളിൽ വിജയിക്കാനാവില്ല. ജമ്മു കശ്മീരിൽ ബാബാ സാഹിബിന്റെ ഭരണഘടന മാത്രമേ പ്രവർത്തിക്കൂവെന്ന് പറഞ്ഞ മോദി ലോകത്തിലെ ഒരു ശക്തിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും പറഞ്ഞു. കഴിഞ്ഞ 75 വർഷമായി രാജ്യത്തിന്റെ ഭരണഘടന നടപ്പാക്കാതെ കശ്മീരിനെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തിയതിന് കോൺഗ്രസിനെ അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്രവാദത്തിനും വിഘടനവാദത്തിനും കോൺഗ്രസ് സംരക്ഷണം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ കോൺഗ്രസ് സൃഷ്ടിച്ച പ്രശ്നങ്ങൾ തങ്ങൾ അവസാനിപ്പിച്ചുവെന്നും മോദി കുട്ടിച്ചേർത്തു.