പോളിയോയും മലമ്പനിയും എങ്ങിനെ ഭൂമുഖത്ത് നിന്നും നമ്മള്‍ തുടച്ചുനീക്കിയോ അതു പോലെ ക്യാന്‍സര്‍ തുടച്ചുനീക്കാനുള്ള ആരോഗ്യവിദഗ്ധരുടെ യുദ്ധം ഏതാണ്ട് വിജയത്തിലെത്തിച്ച് വ്ളാഡിമിര്‍ പുടിന്റെ റഷ്യ. മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാപങ്ങളിലൊന്നായ ക്യാന്‍സറിന് വാക്സിന്‍ വികസിപ്പിച്ചിരിക്കുകയാണ് റഷ്യ. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി മൃഗങ്ങളില്‍ ഉപയോഗിച്ച് വിജയം കൈവരിച്ചതായി റഷ്യ അവകാശപ്പെടുന്നു.
എന്‍ററോമിക്സ് എന്ന പേരുള്ള ഈ വാക്സിന്‍ വികസിപ്പിച്ചതോടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വീണ്ടും താരമായി മാറി. റഷ്യയുടെ ഫെഡറല്‍ മെഡിക്കല്‍ ആന്‍റ് ബയോളജിക്കല്‍ ഏജന്‍സി ആണ് ഈ വാക്സിന്‍ വികസിപ്പിച്ച കാര്യവും ഇത് മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ട ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞെന്നും വെളിപ്പെടുത്തിയത്. ഫെഡറല്‍ മെഡിക്കല്‍ ആന്‍റ് ബയോളജിക്കല്‍ ഏജന്‍സി മേധാവി സ്ക്വര്‍ട്സോവ ആണ് റഷ്യയില്‍ നടക്കുന്ന 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന പത്താമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കീമോ തെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സംഭവിക്കുന്നതുപോലെ മുടി കൊഴിച്ചിലോ മറ്റ് മോശം രൂപമാറ്റമോ ഒന്നും ഈ വാക്സിന്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകില്ല. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിതമായുള്ളതാണ് ഈ വാക്സിന്‍.
മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ അര്‍ബുദം മൂലം ഉണ്ടാകുന്ന മുഴകളെ (ട്യൂമറുകളെ) ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്സിൻ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. മുഴകളെ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ ചുരുക്കാന്‍ ഈ വാക്സിന് കഴിഞ്ഞിട്ടുള്ളതായി പറയുന്നു. കൂടാതെ ആവർത്തിച്ചുള്ള ഉപയോഗത്തിന് വാക്സിന്‍ സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഓരോ രോഗിക്കും അവരുടെ വ്യക്തിഗത ആർഎൻഎയ്‌ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്കരണങ്ങള്‍ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്നുള്ളതാണ് മറ്റൊരു മെച്ചം. സ്കിന്‍ സ്കാന്‍സര്‍, ബ്രെയിന്‍ ക്യാന്‍സര്‍, കുടലിലെ ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം വാക്സിനുകള്‍ വികസിപ്പിക്കാന്‍ സാധിക്കും. തുടക്കത്തില്‍ കുടലിനെയും മലാശയത്തിലെയും ക്യാന്‍സറുകള്‍ക്ക് ചികിത്സിക്കാനാണ് ഈ വാക്സിന്‍ ആദ്യം ഉപയോഗിക്കുക. പിന്നീട് ബ്രെയിന്‍ (തലച്ചോര്‍) ക്യാന്‍സറിനും ചര്‍മ്മത്തെ ബാധിക്കുന്ന സ്കിന്‍ ക്യാന്‍സറിനും ഈ വാക്സിനുകള്‍ ഉപയോഗിക്കും. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, രോഗപ്രതിരോധ സംവിധാനം വര്‍ധിപ്പിക്കാനും ഈ വാക്സിന് സാധിക്കും.