
ന്യൂഡല്‍ഹി: ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം. സൗദി അറേബ്യയിലെ തബൂക്കില്‍ ചികിത്സയിലായിരുന്ന മച്ചാറിനെ തുടര്‍ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റിയതായി മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
മച്ചാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച സ്ഥാനപതി, എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. അബുദാബിയിലെ എംബസിയും ദുബായിലെ കോൺസുലേറ്റും ഇക്കാര്യത്തിൽ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
“ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെയും മനക്കരുത്തിനെയും ഞങ്ങൾ ഒരിക്കൽ കൂടി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ഈ ധീരമായ പ്രവൃത്തിക്ക് ലോകമെമ്പാടുനിന്നും ലഭിച്ച അഭിനന്ദനങ്ങളെയും പിന്തുണയെയും ഞങ്ങൾ അതീവ നന്ദിയോടെ സ്മരിക്കുന്നു”-മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ക്യാപ്റ്റൻ സ്മിത് മച്ചാർ ലോകത്തിന് ധീരതയുടെ ഉദാത്തമായ മാതൃകയാണ് കാണിച്ചുതന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെ ധീരമായി പോരാടിയ ക്യാപ്റ്റൻ മച്ചാർ, 9/11 മാതൃകയിലുള്ള മറ്റൊരു ആക്രമണം തടയുകയാണുണ്ടായതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുപിഎസ്‌സിയുടെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
140 കോടി ഇന്ത്യക്കാർ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിവാദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മച്ചാറിനെ പ്രശംസിച്ചിരുന്നു.
ക്യാപ്റ്റൻ മച്ചാറിനെ അദ്ദേഹത്തിന്റെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും സാഹസികമായി അദ്ദേഹം സാഹസികമായി കോക്ക്പിറ്റ് വാതില്‍ തുറന്നുകൊടുത്തു. ഇതോടെ യാത്രക്കാർക്ക് അകത്തുകയറാനും അക്രമിയായ സഹപൈലറ്റിനെ കീഴടക്കാനും സാധിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ഫ്ലൈദുബായ് പൈലറ്റുമാർ കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുകയും ചെയ്തു.