• Thu. Jan 22nd, 2026

24×7 Live News

Apdin News

ക്യാമറകള്‍ നായാട്ടിനിറങ്ങുന്ന കാലം

Byadmin

Jan 22, 2026



തിരുവിതാംകൂര്‍ രാജഭരണകാലത്താണ് ക്യാമറ കേരളത്തില്‍ അവതരിക്കുന്നത്. തിരുവിതാംകൂറിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്ന സക്കറിയ ഡിക്രൂസ് മുതലിങ്ങോട്ട് കേരളം പല പ്രഗല്‍ഭമതികള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. ക്യാമറകള്‍ നവീകരിക്കപ്പെട്ടും പ്രചാരപ്പെട്ടുമിരുന്നു. മൊബൈല്‍ ഫോണിന്റെ അവതാരത്തോടെയാണ് ഫോട്ടോഗ്രാഫിയുടെ ജനകീയവല്‍ക്കരണം സംഭവിച്ചത്. മുട്ടിലിഴയുന്ന ശിശുവിനു മുതല്‍ മുത്തശ്ശിക്കുവരെ സെല്‍ഫിയിലും റീല്‍സിലുമായി കമ്പം.

പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും ക്യാമറയിലാക്കാന്‍ കഴിയാത്ത ചില മൗലിക പ്രതിഭകള്‍ തങ്ങളുടെ സര്‍ഗ്ഗവിലാസംകൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. പുനലൂര്‍ രാജനും ജേക്കബ് ഫിലിപ്പിനുമൊന്നും ഇവരെ പിടികിട്ടിയിട്ടില്ല. എം.പി. നാരായണപിള്ള, എം.പി. ശങ്കുണ്ണിനായര്‍ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. ഒരിക്കല്‍ പുല്ലുവഴിയിലെ വീട്ടില്‍വച്ച് നാണപ്പനെ ക്യാമറയിലാക്കി. പതിവുപോലെ നാണപ്പന്‍ മലക്കം മറിഞ്ഞു. വാദി പ്രതിയായി. ഫോട്ടോ എടുത്തതൊക്കെ കൊള്ളാം, എവിടെയെങ്കിലും പ്രസിദ്ധീകരിച്ചാല്‍ എന്റെ തല വെട്ടിമാറ്റിവച്ചതാണെന്ന് പറഞ്ഞ് ഞാന്‍ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നായി നാണപ്പന്‍. എം.പി. ശങ്കുണ്ണിനായരാവട്ടെ ജീവനുള്ള കാലം പത്രക്കാര്‍ക്കോ ഫോട്ടോഗ്രാഫര്‍മാര്‍ക്കോ വഴങ്ങിയിട്ടുമില്ല. സാഹിത്യ അക്കാദമിയില്‍വച്ച് ഒരു അവാര്‍ഡ് കുടിശ്ശിക നല്‍കുന്ന അനൗപചാരിക ചടങ്ങില്‍ ഞാനദ്ദേഹത്തെ കുടുക്കി. പോഞ്ഞിക്കര റാഫിയും ആ ചിത്രത്തിലുണ്ട്.

എല്ലാവര്‍ക്കും ക്യാമറ. ചതുര്‍ഭുജങ്ങളുണ്ടായിരുന്നെങ്കില്‍ എല്ലാ കൈകളിലും കരുതാമായിരുന്നു! എല്ലാവരും ഫോട്ടോഗ്രഫിക്കമ്പക്കാര്‍. ഫോട്ടോ, സെല്‍ഫി, റീല്‍സ്, വീഡിയോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍. താലി കെട്ടും മുമ്പേ വധു അമ്മയുടെ കാല്‍തൊട്ടു വന്ദിക്കുന്ന ഒരു രംഗം കാണാനിടയായി. മകള്‍ അമ്മയുടെ പാദങ്ങളുടെ ഫോട്ടോ എടുത്ത് അതില്‍ തൊട്ടു വന്ദിച്ചു. കുനിയാതെ കാര്യം കഴിഞ്ഞു! വിവാഹച്ചടങ്ങുകളുടെ നിയന്ത്രണം ഫോട്ടോ-വീഡിയോഗ്രാഫര്‍മാര്‍ കയ്യടക്കിയിട്ട് കാലമേറെയായി. ചിലപ്പോള്‍ കെട്ടിയ താലി അഴിച്ചു കെട്ടിക്കാനും അവര്‍ മടിക്കില്ല. എത്ര വലിയ വിഐപിക്കും താലികെട്ട് കാണാനായെന്നുവരില്ല. വധൂ-വരന്മാര്‍ക്ക് ചുറ്റും അരങ്ങേറുന്ന വീഡിയോഗ്രാഫര്‍മാരുടെ തിരുവാതിരകളി കണ്ട് മടങ്ങേണ്ടിവന്നേക്കാം.

ഒരു സാംസ്‌കാരിക സമ്മേളനത്തില്‍ ഉദ്ഘാടനത്തിന് വിളക്കുകൊളുത്താന്‍ മുന്നോട്ടു നീങ്ങിയ മലയാള കഥയുടെ രാജശില്‍പി ടി. പത്മനാഭനെ (നവതി കഴിഞ്ഞു, പപ്പേട്ടനെന്നോര്‍ക്കണം) പിറകോട്ട് തള്ളിമാറ്റി ക്യാമറക്കു മുന്നിലേക്ക് ഇടിച്ചുകയറിയ എറണാകുളത്തെ ‘സ്ഥിരം നാടകവേദി’ സാഹിത്യകാരനെക്കുറിച്ച് അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. ക്യാമറാക്കമ്പക്കാരനായ ഈ വിദ്വാന്‍ ഉണ്ടെന്നറിഞ്ഞാല്‍ ആ വഴിക്ക് പപ്പേട്ടനെ കിട്ടില്ല!

നാടുനീളെ ക്യാമറകള്‍ രാപ്പകല്‍ കണ്ണുതുറന്ന് കാവലിരിക്കുന്ന ഇക്കാലംവരെയും മനുഷ്യര്‍ ക്യാമറയെ പേടിച്ചല്ല മര്യാദക്ക് ജീവിച്ചത്. മുകളിലൊരാള്‍ എല്ലാം കാണുന്നുണ്ടെന്നുള്ള വിശ്വാസത്തിലാണ്. ദൈവത്തിന്റെ കണ്‍ട്രോള്‍ റൂമില്‍പ്പെടാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നാണിപ്പോഴത്തെ ചിന്ത.

ഈയിടെ ബസ്സില്‍ ഒരു യുവതിയുടെ ക്യാമറ ഒപ്പിച്ച കുസൃതിയില്‍പ്പെട്ട് ഒരു ജീവന്‍ പൊലിഞ്ഞു. ഇത്രയുംകാലം തിരക്കുള്ള ബസ്സിലും ട്രെയിനിലും പുരുഷകേസരിയുടെ കരകൗശലങ്ങള്‍ മാത്രം കണ്ടു ശീലിച്ചവര്‍ക്ക് ഇത് പുതിയൊരനുഭവമായിരുന്നു. അതിന്റെ പരിണാമ ഗുപ്തിയിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

മനുഷ്യര്‍ക്ക് മാത്രമല്ല, വന്യജീവികള്‍ക്കും ക്യാമറ നായാട്ടുകൊണ്ട് ദുരിതങ്ങള്‍ ഏറെയാണത്രെ. വന്യമൃഗങ്ങളുടെ വീരപരാക്രമങ്ങള്‍, പ്രണയലീലകള്‍ എന്നിവ ക്യാമറയിലാക്കി വലിയ വിലയ്‌ക്ക് വില്‍ക്കുന്നവര്‍ ഏറിവരുന്നു. ഇവരുടെ വന്യജീവി കമ്പം മൃഗങ്ങളുടെ സൈ്വര സഞ്ചാരത്തേയും ജീവിതത്തേയും വലയ്‌ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഒന്നായി വന്യജീവി വീഡിയോകള്‍ കയറിയതോടെ, മൃഗങ്ങളെ വരുത്തി ഷൂട്ടുചെയ്യാന്‍ കെണിയൊരുക്കുന്ന മാഫിയകളും നിലവിലുണ്ടത്രെ!

നിയമസഭയിലും പോലീസ് സ്‌റ്റേഷനിലും ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ മലയാളികള്‍ ആര്‍ത്തിയോടെയാണ് സ്വീകരിച്ചത്. ചില സഭാംഗങ്ങളുടെ മേശപ്പുറത്തു കയറിയുള്ള കുച്ചിപ്പുഡി അപ്രകാരമാണ് നമ്മള്‍ ആസ്വദിച്ചത്. (അവരില്‍ ചിലര്‍ സ്റ്റാറായി, മന്ത്രിയുമായി!) രാഷ്‌ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുള്‍ കലാം നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍പ്പോലും കുറേപ്പേര്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നതും ചരിത്രത്തിന്റെ ഭാഗമായി. വാഹനാപകടങ്ങള്‍, മുന്‍മന്ത്രിയുടെ രതി ലീലകള്‍ എന്നു തുടങ്ങി അതീവ ഗോപ്യമായതിനെ വെളിപ്പെടുത്താനു ക്യാമറാ ദൈവക്കണ്ണുകള്‍ക്ക് കഴിയും.

ദുഷ്യന്ത മഹാരാജാവിന്റെ നായാട്ടിന്റെ പ്രണസുരഭിലമായ കഥ കാളിദാസന്‍ അനശ്വരമാക്കി. നാട്ടിലും കാട്ടിലും രാവും പകലുമില്ലാതെ ക്യാമറകള്‍ നായാട്ടിനിറങ്ങിയിട്ടുണ്ട്. നഗരകാന്താരങ്ങളിലും തിക്കും തിരക്കുമുള്ള പൊതുയാത്രാ ഇടങ്ങളിലുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നന്ന്. ചിലപ്പോള്‍ ഇലവന്നു മുള്ളില്‍ വീണാലും മുള്ളുവന്ന് ഇലയില്‍ വീണാലും കേട് മുള്ളിനായെന്നും വരാം!

 

By admin