• Thu. Sep 18th, 2025

24×7 Live News

Apdin News

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം; മോദിഭരണത്തിലെ വികസനത്തിന്റെ നേര്‍ചിത്രം കാണാം, ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

Byadmin

Sep 18, 2025



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചിത്രപ്രദര്‍ശനം മോദിഭരണത്തില്‍ രാജ്യത്തിന്റെ വികസനക്കുതിപ്പിന്റെ നേര്‍ചിത്രമായി. ഗുജറാത്തിലെ വടനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കാന്‍ നില്‍ക്കുന്ന നരേന്ദ്രമോദിയുടെ ബാല്യകാല ചിത്രവും അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും പ്രദര്‍ശനത്തിലുണ്ട്.

നരേന്ദ്രമോദി അധികാരമേറ്റശേഷം ഭാരതത്തിനുണ്ടായ വികസനക്കുതിപ്പ് പൂര്‍ണമായും വ്യക്തമാക്കുന്നതാണ് ബിജെപി സിറ്റി ജില്ലാ ഓഫീസില്‍ സംഘടിപ്പിച്ചിട്ടുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചിത്ര പ്രദര്‍ശനം. ഓരോചിത്രത്തോടുമൊപ്പം ചേര്‍ത്തിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും ലഭ്യമാകും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലിങ്ക് ഷെയര്‍ ചെയ്യാനുമാകും.

സ്വച്ഛഭാരത് മുതല്‍ ചന്ദ്രയാനും ഗഗന്‍യാനും വരെയുള്ള ദേശീയ മുന്നേറ്റം വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം. എനര്‍ജി ട്രാന്‍സ്‌ഫോര്‍മേഷന്‍, സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് ഡവലപ്‌മെന്റ്, ഹെല്‍ത്ത് ഫോര്‍ വിമണ്‍, അഗ്രികള്‍ച്ചറല്‍ റവല്യൂഷന്‍, കര-നാവിക-വ്യോമ സേനാ ശാക്തീകരണം, അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മാണം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങി നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്തുണ്ടായ നിരവധി മുന്നേറ്റങ്ങള്‍ വ്യക്തമാക്കുന്ന 41 ചിത്രങ്ങളുടെ പ്രദര്‍ശനം ഒരാഴ്ചക്കാലം ഉണ്ടാകും. നരേന്ദ്രമോദിയുടെ 75- ാം ജന്മനദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്താകമാനം നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ഏക പ്രദര്‍ശനമാണ് സിറ്റിജില്ലാ ഓഫീസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി നടപ്പാക്കിയ വികസിത ഭാരത മോഡല്‍ നമുക്ക് വികസിത അനന്തപുരി മോഡലാക്കി മാറ്റാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി നടപ്പാക്കിയ ഓരോ വികസനവും ഇവിടെ നടപ്പാക്കാനാകണം. മൂന്നുമാസത്തിനുശേഷം നമുക്ക് ഇതെല്ലാം അനന്തപുരിയുടെ വികസനമാക്കിമാറ്റാനാകണമെന്നും എല്ലാവരും അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി.രാജേഷ്, മഹിളാമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് പത്മിനി തോമസ് എന്നിവര്‍ പങ്കെടുത്തു.

By admin