• Thu. Sep 4th, 2025

24×7 Live News

Apdin News

ക്രമക്കേട് ഒഴിയാതെ തദ്ദേശ വോട്ടര്‍ പട്ടിക; ഒരേ നമ്പരില്‍ പലവീടുകള്‍ മരിച്ചവര്‍ക്കും വോട്ട്, ഇരട്ട വോട്ട് നീക്കലും നടന്നില്ല

Byadmin

Sep 4, 2025



തിരുവനന്തപുരം: ഒരേ നമ്പരില്‍ പല വീടുകളുള്ള വോട്ടര്‍ പട്ടികയ്‌ക്ക് മാറ്റമില്ലാതെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക. ഒരേ നമ്പരില്‍ പല വീടുകള്‍ എന്നതിന് മാറ്റമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചവരും ഇരട്ട വോട്ടും വോട്ട് നീക്കം ചെയ്യാനുള്ള അപേക്ഷ നല്കിയവരും വോട്ടര്‍പട്ടികയില്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടര്‍പട്ടികയിലാണ് ക്രമക്കേടുകള്‍ മാറ്റമില്ലാതെ തുടരുന്നത്.

ഒരേ വീട്ടുനമ്പരില്‍ പല വീടുകളാണ് പട്ടികയിലുള്ളത്. തിരുവനന്തപുരം മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ ബൂത്ത് ഒന്നില്‍ ക്രമനമ്പര്‍ 12 ബിസ്മില്ല ഹൗസ് ഇളമ്പ പിഒയുടെ വീട്ട് നമ്പര്‍ 07/15 ആണ്. അതേ വീട്ടുനമ്പരാണ് ക്രമനമ്പര്‍ 13നും. പക്ഷേ വീട്ടുപേര് അവിട്ടവും. മാത്രമല്ല ക്രമനമ്പര്‍ 12 മൂന്ന് തവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതേ വോട്ടര്‍ പട്ടിയില്‍ ക്രമനമ്പര്‍ 19 മുതല്‍ 24 വരെ ഓരേ വീട്ടുനമ്പര്‍. വീട്ടുപേര് സിംലാന്‍ഡും അല്‍ത്താഫ് ഹൗസും രതിഭവനും. വോട്ടര്‍മാരാകട്ടെ ബിന്ദു ജയ്‌ദേവും ഇന്‍സാമും സാഹിറ ബീവിയും. ഈ ക്രമക്കേടുകള്‍ സംസ്ഥാനത്ത് ഉടനീളമുണ്ട്.

ഗ്രാമപഞ്ചായത്തുകളില്‍ നിന്നും വീട്ടു നമ്പര്‍ അനുവദിക്കുമ്പോള്‍ തൊട്ടടുത്ത പഴയ വീടിന്റെ നമ്പരിനൊപ്പം പാര്‍ട്ട് നമ്പര്‍ കൂടി നല്കും. ഉദാഹരണം 443 പഴയ വീടും 443 എ അല്ലെങ്കില്‍ 443-1 എന്നാണ് നല്കുക. പാര്‍ട്ട് നമ്പര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതെ വന്നതോടെയാണ് ഒരേ വീട്ടുനമ്പരില്‍ പല വീടുകള്‍ ഉള്‍പ്പെട്ടത്. പുതുതായി കൂട്ടിച്ചേര്‍ത്ത വോട്ടര്‍മാരുടെ വീട്ടുനമ്പരിന്റെ പാര്‍ട്ട് നമ്പര്‍പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ വീടുകള്‍ തിരിച്ചറിയാന്‍ പോലും പ്രയാസം അനുഭവപ്പെടുകയാണ്. കൂടാതെ ഇരട്ടവോട്ടുകളും താമസ സ്ഥലം മാറിയവരുടെയും പേരുകള്‍ നീക്കം ചെയ്യാന്‍ നല്കിയതും ഒഴിവാക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവര്‍ക്കും ഇപ്പോഴും വോട്ടുണ്ട്. ഇതൊന്നും പരിശോധിക്കാതെയാണ് വോട്ടര്‍പട്ടിക പുതുക്കിയത്.

ഈ ആരോപണങ്ങളെല്ലാം വോട്ടര്‍പട്ടിക പുതുക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി നേതൃത്വം ഉന്നയിച്ചതാണ്. വാര്‍ഡ് വിഭജനത്തിലടക്കം ക്രമക്കേടുകള്‍ ഉണ്ടെന്നും പലര്‍ക്കും രണ്ട് വാര്‍ഡിലും വോട്ടുണ്ടെന്നും ഒരേ വീട്ടു നമ്പരില്‍ നിരവധി പേര്‍ക്ക് വോട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കിയതാണ്. ഇവയെല്ലാം പരിഹരിക്കുമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പു നല്കിയതുമാണ്.

By admin