കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന ഹവാല ഇടപാടിലൂടെ കേരളത്തിലേക്ക് 330 കോടി രൂപയുടെ കള്ളപ്പണം എത്തിയതായി ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്തോനേഷ്യയിലേക്ക് പൂ കയറ്റുമതിയുടെ മറവിലാണ് ഈ വലിയ തുക കേരളത്തിലേക്ക് കടത്തിയത്.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദാലിയെ ചോദ്യം ചെയ്യലിനായി ഇന്‍കം ടാക്‌സ് വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രധാന ഇടപാടുകാരനായ സൗദി പ്രവാസി റാഷിദിനെയും അന്വേഷണമുറുക്കിയിരിക്കുകയാണ് അധികാരികള്‍.
500-ല്‍ അധികം ‘മ്യൂള്‍’ അക്കൗണ്ടുകളും 300 ക്രിപ്‌റ്റോ വാലറ്റുകളും ഉപയോഗിച്ചാണ് പണം അനധികൃതമായി കൈമാറിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് പ്രധാനമായും ഹവാല പണം വിതരണം നടന്നതെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍ സൂചിപ്പിക്കുന്നു.
ക്രിപ്‌റ്റോ ഇടപാടുകള്‍ മുഖേന നടന്ന ഈ കള്ളപ്പണ ഇടപാടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.