ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റൊണാള്‍ഡോയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കില്ല. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ എഫ്.സി ഗോവയ്ക്കെതിരെ ഒക്ടോബര്‍ 22-ന് ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഡി മത്സരത്തിനുള്ള അല്‍ നസര്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ടീമില്‍ സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്സ്ലി കോമാന്‍, ഇനിഗോ മാര്‍ട്ടിനസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റൊണാള്‍ഡോയുടെ സാന്നിധ്യം മത്സരത്തിന്റെ പ്രൊഫൈല്‍ ഉയര്‍ത്തുമെന്നും പ്രാദേശിക ശ്രദ്ധ വര്‍ധിപ്പിക്കുമെന്നും കരുതി എഫ്.സി ഗോവയുടെ മാനേജ്‌മെന്റ്, അല്‍ നസറിനോട് താരം ടീമില്‍ ഉള്‍പ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, 40 കാരനായ പോര്‍ച്ചുഗീസ് താരം, സൗദി അറേബ്യയ്ക്ക് പുറത്തുള്ള മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള കരാര്‍ അനുമതി ഉപയോഗിച്ച് യാത്രയില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോലിഭാരം നിയന്ത്രിക്കാനും അടുത്ത വര്‍ഷത്തെ ലോകകപ്പിനായി ഫിറ്റ്നസ് നിലനിര്‍ത്താനുമുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളത്.
അല്‍ നസര്‍ ഇന്ന് രാത്രി ഗോവയിലെത്തും. റൊണാള്‍ഡോ ഇല്ലാതെ തന്നെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും അല്‍ നസര്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് നോക്കൗട്ട് റൗണ്ടിലേക്കുള്ള അവരുടെ സാധ്യത ഇപ്പോഴും ശക്തമാണ്.