
കൊച്ചി : സുഷുപ്തിയിലാണ്ടിരുന്ന ഒരു രാഷ്‌ട്രത്തെ ജാഗ്രതയിലേക്ക് വിളിച്ചുണർത്തിയത് വന്ദേമാതരം ആയിരുന്നുവെന്ന് പ്രമുഖ ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രാജ്യം വന്ദേമാതരം ദേശഭക്തി ഗാനത്തിന്റെ 150ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹം ഫേസ്ബുക്കിൽ ഇത്തരത്തിൽ കുറിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :
” ഭാരതത്തിന്റെ ഉണർത്തു പാട്ടിന് ഇന്ന് 150 വയസ്. സുഷുപ്തിയിലാണ്ടിരുന്ന ഒരു രാഷ്‌ട്രത്തെ ജാഗ്രതയിലേക്ക് വിളിച്ചുണർത്തിയത് വന്ദേമാതരം ആയിരുന്നു. എല്ലാ കുടിലതകളേയും ക്രൂരതകളേയും അതിജീവിക്കാൻ, കഷ്ട നഷ്ടങ്ങൾ സഹിച്ച് ത്യാഗം ചെയ്യാൻ കോടിക്കണക്കിന് ദേശസ്‌നേഹികൾക്ക് പ്രേരണ നൽകിയ സ്വാഭിമാന മന്ത്രമായിരുന്നു ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ഈ ഗാനം. തലമുറകൾ എത്ര കഴിഞ്ഞിട്ടും ദേശാഭിമാനികൾക്ക് ഇന്നും ഇത് രാഷ്‌ട്ര ഭക്തിയുടെ വറ്റാത്ത ഉറവയാണ്. ഈ തെളിനീരിൽ നിന്ന് അല്പമെങ്കിലും കോരിയെടുക്കാൻ കഴിഞ്ഞാൽ നാം അജയ്യരായി, അതുല്യരായി, അമരരായി മാറും , വന്ദേമാതരം ” -സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
അതേ സമയം ബിജെപിയുടെയും വിവിധ യുവജന, സാംസ്‌കാരിക സംഘടനകളുടെയും സ്‌കൂളുകളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനമെങ്ങും ആഘോഷപരിപാടികള്‍ നടക്കുമെന്ന് ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റും വന്ദേമാതരം @150യുടെ കണ്‍വീനറുമായ ശ്രീലേഖ ഐ പി എസ്(റിട്ട)വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.