
തിരുവനന്തപുരം: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. കേരള എന്‍ജിഒ സംഘ് സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാര നില്‍പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാല്‍ നല്‍കാതിരിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി കേന്ദ്രജീവനക്കാര്‍ക്ക് നല്‍കുന്ന ക്ഷാമബത്തയുടെ അതേനിരക്കിലാണ് സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കുന്നത്. പ്രഖ്യാപനം വൈകിയാല്‍ കുടിശികതുക മുന്‍കാല പ്രാബല്യത്തോടുകൂടി പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുന്ന പതിവ് രീതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. ക്ഷാമബത്ത സര്‍ക്കാരിന്റെ ഔദാര്യമല്ല. ജീവനക്കാരുടെ അവകാശമാണ്. ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുത്ത ഇടതുസര്‍ക്കാര്‍ നടപടി സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടന്ന പ്രതിഷേധത്തില്‍ സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി. കെ. ജയപ്രസാദ്, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ്, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് റ്റി. ഐ. അജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന ഭാരവാഹികളായ അനിത രവീന്ദ്രന്‍, പ്രദീപ് പുള്ളിത്തല, എസ്. വിനോദ്കുമാര്‍, പി. ആര്യ, എന്‍.വി. ശ്രീകല എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം ജയകുമാര്‍ നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.