
പത്തനംതിട്ട: ദേവസ്വം കമ്മിഷണര്‍ മുതല്‍ വിജിലന്‍സ് വരെ ക്ഷേത്ര പരിശോധനയില്‍ നിന്നും പിന്‍മാറിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ഭരണം തോന്നിയ പോലെ. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി സംന്യാസി ശ്രേഷ്ഠരും ഹൈന്ദവ നേതൃത്വവും ചേര്‍ന്ന് ടെമ്പിള്‍ പാര്‍ലമെന്റ് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥത മറനീക്കിയത്.
മാനുവല്‍ പ്രകാരം ദേവസ്വം കമ്മിഷണറുടെ പ്രഥമ കര്‍ത്തവ്യം ക്ഷേത്ര പരിശോധനയാണ്. എന്നാല്‍ ദേവസ്വവുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ പുറത്തുനിന്നും കമ്മിഷണര്‍ തസ്തികയിലേക്ക് നിയമിച്ചു തുടങ്ങിയതോടെ ക്ഷേത്ര പരിശോധന നിലച്ചു. ദേവസ്വം ആസ്ഥാനത്ത് പദവി അലങ്കരിക്കലാണ് ഇവരുടെ പണി.
കമ്മിഷണര്‍ കഴിഞ്ഞാല്‍ ജില്ലാതല ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന ഡെ. കമ്മിഷണര്‍ക്കാണ് ക്ഷേത്ര പരിശോധനയുടെ പ്രധാന ചുമതല. മിന്നല്‍ പരിശോധന നടത്തുക, വരവുചെലവ് കണക്കുകള്‍ പരിശോധിക്കുക, ക്ഷേത്രത്തിലെ നിത്യനിദാനം കാര്യക്ഷമമോ എന്നും ഡെ. കമ്മിഷണര്‍ നിരീക്ഷിച്ച് ദേവസ്വം കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
അതത് ഗ്രൂപ്പിലെ അസി. കമ്മിഷണര്‍മാരാണ് ഗ്രൂപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പരിശോധന നടത്തേണ്ടത്. ഇവര്‍ ഓരോ മാസവും ടൂര്‍ ജേണല്‍ തയാറാക്കി ദേവസ്വം കമ്മിഷണര്‍ക്കും വിജിലന്‍സ് എസ്പിക്കും കൈമാറണം. ക്ഷേത്രങ്ങളില്‍ കൃത്യമായി പരിശോധന നടത്താന്‍ വിജിലന്‍സിനും ബാധ്യതയുണ്ട്. ഇപ്പോള്‍ പരാതി ഉണ്ടെങ്കില്‍ മാത്രം പരിശോധന എന്ന നിലപാടിലാണ് വിജിലന്‍സ്.
പരിശോധനയിലെ അലംഭാവം മൂലം ജീവനക്കാര്‍ തോന്നിയ സമയങ്ങളിലാണ് ഡ്യൂട്ടിക്കെത്തുന്നത്. തകില്‍, നാദസ്വര, പഞ്ചവാദ്യവാദകര്‍ ക്ഷേത്ര ജോലി മറ്റാര്‍ക്കെങ്കിലും കൈമാറി സ്വകാര്യ പരിപാടിക്ക് പോവുക പതിവാണ്. പുലര്‍ച്ചെ പള്ളി ഉണര്‍ത്തലിന് ഇവരില്‍ പലരും സോപാനത്ത് എത്താറില്ല. ക്ഷേത്രത്തില്‍ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന മാല, എണ്ണ എന്നിവ ദേവന് സമര്‍പ്പിക്കാതെ സ്വകാര്യ സ്റ്റാളുകളിലേക്ക് കടത്തുന്നതും പതിവാണ്. സ്ത്രീ ജീവനക്കാരില്‍ പലരും പകരക്കാരെ നിയമിച്ച് അനുവദനീയമായതില്‍ അധികം സ്‌പെഷല്‍, കാഷ്വല്‍ ലീവ് എടുക്കുന്നു. അടിച്ചുതളി, കഴകം, പാത്രംതേപ്പ് ജോലികള്‍ നോക്കുന്ന സ്ത്രീകള്‍ ഉന്നത ജീവനക്കാരെ സ്വാധീനിച്ച് ഓഫീസ് ജോലികളില്‍ കയറിപ്പറ്റുന്നതിനാല്‍ കൃത്യമായ രീതിയില്‍ ശുചീകരണം നടക്കുന്നില്ല.
ഇടത് ട്രേഡ് യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സ്ത്രീകള്‍ ജോലി സ്ഥലം മാറുന്നത്. ജീവനക്കാര്‍ പകരക്കാരെ ചുമലതപ്പെടുത്തി സ്ഥലം വിടുന്നതു മൂലം ക്ഷേത്രത്തിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് വരുമാനം നഷ്ടമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. രസീത് എഴുതാതെ വഴിപാടു നടത്തി വരുമാനം കവരുകയാണ് പകരക്കാര്‍ ചെയ്യുന്നത്. നിരവധി ക്ഷേത്രങ്ങള്‍ കാലപ്പഴക്കം മൂലം തകര്‍ച്ച നേരിടുന്നു. ഏതു സമയത്തും നിലംപൊത്താവുന്ന ഓഫീസകളും നിരവധി. ക്ഷേത്ര പരിസരങ്ങള്‍ കാടുപിടിച്ച നിലയിലാണ്. ഇതിനെല്ലാം കാരണം പരിശോധനയുടെ അഭാവമാണ്. പുതിയ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഇതെല്ലാം ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍.