തൂത്തുക്കുടി: ക്ഷേത്രദർശനത്തിനെത്തിയ നവദമ്പതികൾക്ക് നേരെ കുരങ്ങുകളുടെ ആക്രമണം. പരിഭ്രാന്തയായി മലമുകളിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. തൂത്തുക്കുടി സൗത്ത് തിട്ടാങ്കുളം സ്വദേശി അനിത (24) ആണ് മരിച്ചത്. ശനിയാഴ്ച തൂത്തുക്കുടിയിലെ കഴുകുമലൈ ക്ഷേത്രപരിസരത്താണ് ദുരന്തം നടന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന സുരേഷും അനിതയും വിവാഹിതരായിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ശനിയാഴ്ച ഇരുവരും കഴുകുമലൈയിലെ പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സമീപത്തെ മലമുകളിലുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ഇവിടെ വെച്ച് കുരങ്ങുകൾക്ക് പഴങ്ങൾ നൽകുന്നതിനിടെ, കൂട്ടമായെത്തിയ കുരങ്ങുകൾ ദമ്പതികളെ വളയുകയായിരുന്നു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തയായ അനിത കാൽ വഴുതി മലമുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഭർത്താവ് സുരേഷിന്റെ കണ്മുന്നിലായിരുന്നു അപകടം. ഉടൻ തന്നെ സുരേഷ് അനിതയുടെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെയിരുന്ന് സുരേഷ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.