
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍, ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഇടനാഴികളിലും മുറ്റത്തും ഉരുക്ക് റെയിലിംഗുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഇസ്ലാം മത വിശ്വാസിക്ക് നല്‍കിയതില്‍ വിവാദം. സന്യാസിമാരും ശ്രീകൃഷ്ണ ജന്മഭൂമി സംഘര്‍ഷ് ട്രസ്റ്റും ഇതില്‍ എതിര്‍പ്പറിയിച്ചു.
മീററ്റ് ആസ്ഥാനമായ കനിക കണ്‍സ്ട്രക്ഷന്റെ ഉടമ സലിം ഖാന് നല്‍കിയ കരാര്‍ റദ്ദാക്കണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിനേശ് ഫലാഹാരി മഹാരാജ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.കരാര്‍ സലിം ഖാന് നല്‍കുന്നതില്‍ മഥുര എഡിഎമ്മിനും പങ്കുണ്ടെന്ന് സംശയമുണ്ട്. രാധദേവിയും ശ്രീകൃഷ്ണ ഭഗവാനും കുടികൊളളുന്ന പുണ്യസ്ഥലത്തേക്ക് സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നവര്‍ പ്രവേശിക്കുന്നത് പ്രദേശ വാസികള്‍ അംഗീകരിക്കില്ലെന്ന് ദിനേശ് ഫലാഹാരി മഹാരാജ് പറഞ്ഞു. ബീഫ് കഴിക്കുന്നവരും ഹിന്ദുക്കളെ അവിശ്വാസികളായി കണക്കാക്കുന്നവരും ബാങ്കെ ബിഹാരിയുടെ മുറ്റത്തേക്ക് വരുന്നത് അംഗീകരിക്കാനാവില്ല.
സലിം അഹമ്മദ് ഖാന്‍ ഇസ്ലാംമത വിശ്വാസിയാണെന്നത് മറച്ചുവെച്ചാണ് കരാര്‍ നേടിയതെന്ന് ആരോപണമുണ്ട്.ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഫലാഹാരി മഹാരാജ് ആവശ്യപ്പെട്ടു. ‘സനാതന സമൂഹത്തില്‍ ആയിരക്കണക്കിന് വൈദഗ്ധ്യമുള്ള ഹിന്ദു കോണ്‍ട്രാക്ടര്‍മാര്‍ ഉള്ളപ്പോള്‍, മുഗളന്മാരുടെ സ്വയം പ്രഖ്യാപിത പിന്‍ഗാമികളെ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നത് എന്തിനാണ്? ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കണം’
ഹിന്ദു ക്ഷേത്രങ്ങളുടെ സൗന്ദര്യവല്‍ക്കരണം, അവ നശിപ്പിച്ചവരുടെയും മഥുര, കാശി, അയോധ്യ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ നിസ്‌കാരം നടത്തിയവരുടെയും പിന്‍ഗാമികള്‍ എന്ന് വിളിക്കപ്പെടുന്നവരെ ഏല്‍പ്പിക്കുന്നത് ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണെന്ന് സന്യാസിമാര്‍ കുറ്റപ്പെടുത്തി.