
കോഴിക്കോട്: ക്ഷേത്രങ്ങളുടെയും ധര്‍മ്മ സ്ഥാപനങ്ങളുടെയും ഭരണം സംബന്ധിച്ച് കാലാനുസൃതമായ ഒരു പൊതുനിയമം നടപ്പില്‍ വരുത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം 43-ാം സംസ്ഥാന സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും ഹിന്ദുധര്‍മത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനമാണ്. ക്ഷേത്ര ഭരണകാര്യങ്ങളിലുള്ള അഴിമതികളും വീഴ്ചകളും കോടതി വ്യവഹാരങ്ങളുമെല്ലാം ഹിന്ദു സമൂഹത്തിന് അപമാനമായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ക്ഷേത്രഭരണത്തിനും ക്ഷേത്ര പരിപാലനത്തിനും സമഗ്രമായ കേന്ദ്ര നിയമത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു.
ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. രാഷ്‌ട്രീയ അധികാരം ഉപയോഗിച്ച് ക്ഷേത്രത്തിലെ സ്വര്‍ണവും സ്വത്തും അപഹരിക്കുന്നതിനും ആത്മീയാന്തരീക്ഷം തകര്‍ക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും സമാന സംഭവങ്ങളുണ്ട്. 1960ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതനുസരിച്ച് ഡോ. സി.പി. രാമസ്വാമി അയ്യരുടെ അധ്യക്ഷതയിലുള്ള സമിതി രാജ്യത്തെ വിവിധ ക്ഷേത്രങ്ങളും ധര്‍മ്മ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെന്റ് കമ്മിഷന്‍ റിപ്പോര്‍ട്ട് 1960-62 എന്ന പേരിലുള്ള ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെയും മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഒന്നും യാതൊരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ട് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത നിയമത്തില്‍ ക്ഷേത്രഭരണം സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമായി നടത്തുന്നതിനുള്ള സംവിധാനം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.