• Mon. Jul 6th, 2026

24×7 Live News

Apdin News

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Byadmin

Jul 6, 2026


ട്ടാഞ്ചേരി: ക്ഷേമനിധി ബോര്‍ഡില്ലാത്തതും ഫണ്ടില്ലാത്തതുംമൂലം സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി. കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷനില്ല. ഇതോടെ പെന്‍ഷന്‍ മാത്രം ആശ്രയിക്കുന്നവരുടെ ജീവിതം ദുരിതമായി. സംസ്ഥാനത്ത് കാല്‍ ലക്ഷത്തോളം പേരാണ് വിരമിച്ച വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമുള്ളത്. അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലാണ് ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത്. ഇതിന്റെ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചു.

പുതിയ ബോര്‍ഡ് ഇതുവരെ രൂപീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതാണ് പെന്‍ഷന്‍ മുടങ്ങാനിടയാക്കിയത്. 2026 ജനുവരി വരെയുള്ള പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ ക്ഷേമനിധി ബോര്‍ഡ് പുനര്‍ രൂപീകരണം നടന്നില്ല. പുതിയ സര്‍ക്കാരാണ് ബോര്‍ഡ് രൂപീകരണത്തിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. 2010 മുതലാണ് അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ച് തുടങ്ങിയത്. വര്‍ക്കര്‍മാര്‍ക്ക് 2500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 1500 രൂപയുമാണ് പെന്‍ഷന്‍. ഇവര്‍ നല്‍കുന്ന അംശാദായത്തിന് പുറമേ അമ്പത് ശതമാനം സര്‍ക്കാര്‍ ഫണ്ടും വിനിയോഗിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്.

ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും സാമൂഹ്യക്ഷേമ പെന്‍ഷനും ലഭിക്കുന്നില്ല. ക്ഷേമനിധി ബോര്‍ഡിലെ ഇവരുടെ വിഹിതം ഇല്ലാതാകുന്നതോടെ, പെന്‍ഷന് സര്‍ക്കാര്‍ ഫണ്ട് മാത്രമാണ് ആശ്രയം. നിലവില്‍ അംശാദായം കൊടുക്കുന്നവരുടെ തുകയെടുത്ത് പെന്‍ഷന്‍ നല്‍കിയാല്‍ അംഗങ്ങളുടെ ചികിത്സാ സഹായം ഉള്‍പ്പെടെ നല്‍കുന്നതിന് ബുദ്ധിമുട്ടാകും.

പുതിയ ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ പെന്‍ഷന്‍ ലഭ്യമാകുകയുള്ളൂ. പെന്‍ഷന്‍ അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്നും തങ്ങള്‍ക്ക് ഇത് മാത്രമേ ആശ്രയമുള്ളൂവെന്നും വിരമിച്ച അങ്കണവാടി വര്‍ക്കറായ പുഷ്പാവതി പറഞ്ഞു.



By admin