
ബെംഗളൂരു : കർണാടകയിലെ നേതൃത്വ പ്രതിസന്ധി സംബന്ധിച്ച സ്ഥിരീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും (ഡി.കെ.എസ്) തമ്മിലുള്ള തർക്കം ഉടൻ പരിഹരിക്കപ്പെടുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
“സോണിയയും, ഞാനും , രാഹുലും ചേർന്ന് അത് പരിഹരിക്കും…” പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ഡിസംബർ 1 നകം പരിഹാരം കണ്ടെത്തുമെന്നും “ – ഖാർഗെ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഖാർഗെ-രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടക്കുമെന്നും അതിനുശേഷം സിദ്ധരാമയ്യയെയും ഡി.കെ.എസിനെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നുമാണ് സൂചന .
പാർട്ടി വക്താവ് രൺദീപ് സുർജേവാലയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. താൻ രണ്ട് ക്യാമ്പുകളുമായും സംസാരിച്ചതായും ബിജെപിയുടെ നേതൃത്വത്തിലുള്ള ‘ദുരുദ്ദേശ്യപരമായ’ പ്രചാരണമാണ് സംസ്ഥാനത്ത് ‘നേതൃത്വ പ്രതിസന്ധി’ എന്ന ചർച്ചയ്‌ക്ക് കാരണമെന്നുമായിരുന്നു രൺദീപ് സുർജേവാല കഴിഞ്ഞ ദിവസം പറഞ്ഞത് . എന്നാൽ ഇന്ന് ഖാർഗെ തന്നെ അത് തള്ളിപ്പറഞ്ഞിരിക്കുകയാണ്.
അതേസമയം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അധികം വൈകാതെ കർണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പ് പറയുകയാണ് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ . ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്നാണ് പാർട്ടി നേതാക്കളെ കാണാൻ ഡൽഹിയിലേക്ക് പോയ കർണാടക കോൺഗ്രസ് എംഎൽഎമാർ പറയുന്നത് .