
ടെഹ്റാൻ: ഇറാൻ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ കത്തുന്ന ചിത്രങ്ങളിൽ നിന്ന് സിഗരറ്റ് കൊളുത്തി ഇറാനിയൻ വനിതകൾ. പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നതിൽ നിന്ന് സ്ത്രീകൾ സിഗരറ്റ് കൊളുത്തുന്നതും, പൊതുസ്ഥലത്ത് ശിരോവസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തെ കടുത്ത നിയന്ത്രണങ്ങൾക്കും ലിംഗവിവേചനത്തിനും എതിരെയുള്ള വെല്ലുവിളിയായാണ് ഈ പ്രവർത്തി വിലയിരുത്തപ്പെടുന്നത്.
ഇസ്‌ലാമിക നിയമങ്ങൾ കർശനമായി പാലിക്കുന്ന ഇറാനിൽ പരമോന്നത നേതാവിന്റെ ചിത്രം നശിപ്പിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾ പൊതുസ്ഥലത്ത് പുകവലിക്കുന്നത് സാമൂഹികമായി വലിയ തോതിൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ള കാര്യവുമാണ്. ഈ രണ്ട് വിലക്കുകളെയും ഒരേസമയം ലംഘിച്ചുകൊണ്ടാണ് ഇറാനിയൻ യുവതികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഹിജാബ് നിയമങ്ങൾ ലംഘിച്ചും മുടി മുറിച്ചും മുൻപ് നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ രീതിയും വിലയിരുത്തപ്പെടുന്നത്.
ഇസ്‌ലാമിക റിപ്പബ്ലിക് എന്ന വ്യവസ്ഥിതിയെത്തന്നെ തള്ളിക്കളയുന്ന രീതിയിലാണ് ഇപ്പോൾ മുദ്രാവാക്യങ്ങൾ ഉയരുന്നത്. ‘ഖമേനിക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അലയടിക്കുകയാണ്.
2022-ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ടാണ് പുതിയ തലമുറ തെരുവിലിറങ്ങുന്നത്. കഴിഞ്ഞ വർഷം ഖമേനിയുടെ ചിത്രം കത്തിക്കുന്ന വീഡിയോ പങ്കുവെച്ച ഒമിദ് സർലാക് എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇത്തരം കടുത്ത നടപടികൾക്കിടയിലും ഭയമില്ലാതെയാണ് സ്ത്രീകൾ തെരുവിലിറങ്ങുന്നത്.
“ഞാൻ ഭയപ്പെടുന്നില്ല, 47 വർഷമായി ഞാൻ മരിച്ചതിന് തുല്യമാണ്” എന്ന് രക്തം പുരണ്ട മുഖവുമായി വിളിച്ചുപറയുന്ന പ്രായമായ ഒരു സ്ത്രീയുടെ വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഇറാനിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഇറാനിയൻ വനിതകൾ നടത്തുന്ന ഈ പോരാട്ടം ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
രാജ്യത്തെ 31 പ്രവിശ്യകളിലേക്കും പടർന്ന പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി വ്യാഴാഴ്ച രാത്രി മുതൽ ഇറാൻ ഇന്റർനെറ്റും ഫോൺ കണക്ഷനുകളും പൂർണ്ണമായി നിർത്തലാക്കിയിരിക്കുകയാണ്. തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരം ഇപ്പോൾ 1979 മുതൽ നിലനിൽക്കുന്ന ഭരണകൂടത്തെ താഴെയിറക്കണമെന്ന ആവശ്യത്തിലേക്ക് മാറിയിരിക്കുകയാണ്. വടക്കൻ ടെഹ്‌റാനിൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർത്തതായും വിവരമുണ്ട്.
അമേരിക്കയുടെ ഉപരോധങ്ങളും ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ നടത്തിയ സൈനിക നീക്കങ്ങളും ഇറാന്റെ സാമ്പത്തികാവസ്ഥയെ നേരത്തെ തന്നെ വഷളാക്കിയിരുന്നു. ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിക്കുകയും ചെയ്തു. 2022ലെ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്.