ഡൽഹി ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനവും മുസ്ലിംലീഗ് ദേശീയ പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സജീവമായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗം രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അവലോകനം ചെയ്തു. മെയ് 25ന് വൈകുന്നേരം 3 മണിക്ക് ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പ്രതിനിധി സമ്മേളനം. പ്രതിനിധികളുടെ രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്കുള്ള ഐഡി കാർഡുകൾ മുൻകൂട്ടി നൽകും. രജിസ്‌ട്രേഷൻ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രതിനിധി സമ്മേളനത്തിലേക്ക് പ്രവേശനം.
പ്രതിനിധികൾ മൂന്ന് മണിക്ക് മുമ്പ് തന്നെ സമ്മേളന ഹാളിൽ പ്രവേശിക്കണം. സംസ്ഥാനങ്ങൾ തിരിച്ചാണ് സീറ്റുകൾ ക്രമീകരിക്കുക. ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം വെർച്ച്വൽ സാങ്കേതിക രീതിയിൽ സമ്മേളന വേദിയിലാണ് നടക്കുക. രാജ്യതലസ്ഥാനത്ത് ഉന്നതരായ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങായതിനാൽ പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള സമ്മേളനമായിരിക്കും. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, സി.കെ സുബൈർ, അഡ്വ.വി.കെ ഫൈസൽ ബാബു, ടി.പി അഷ്റഫലി, അഡ്വ.ഷിബു മീരാൻ, സി.കെ ശാക്കിർ, പി.വി അഹമ്മദ് സാജു, പി.എം.എ സമീർ, ഡൽഹി കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലിം യോഗത്തിൽ സംബന്ധിച്ചു.