• Wed. Dec 31st, 2025

24×7 Live News

Apdin News

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ്. ജയശങ്കർ ബംഗ്ലാദേശിലേക്ക് ; ഇന്ത്യന്‍ മന്ത്രിയുടെ സന്ദര്‍ശനം ഉറ്റുനോക്കി ലോകം

Byadmin

Dec 31, 2025



ന്യൂദൽഹി: അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശിലേക്ക് പറക്കും. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കമായാണ് ഇതിനെ ലോകം വ്യാഖ്യാനിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ വച്ചായിരുന്നു 80-കാരിയായ ഖാലിദ സിയയുടെ അന്ത്യം. ഇന്ത്യാവിരുദ്ധ കലാപത്തില്‍ മുങ്ങിയ ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം ബംഗ്ലാദേശിനോട് ഇന്ത്യയ്‌ക്ക് ശത്രുതയില്ലെന്ന സൂചനാസന്ദേശമായി മാറും. ഇത് ചിലപ്പോള്‍ കാറ്റ് മാറിവീശാന്‍ സഹായിച്ചേക്കും. മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഏറെ നാളായി കരൾ രോഗം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ ആരോഗ്യപ്രതിസന്ധികളാൽ ചികിത്സയിലായിരുന്നു അവർ. ബുധനാഴ്ച (ഡിസംബർ 31) നടക്കുന്ന സംസ്‌കാര ചടങ്ങുകൾക്കായി ജയശങ്കർ ധാക്കയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, മുതിർന്ന ഇന്ത്യൻ മന്ത്രിയുടെ ഈ സന്ദർശനം രാഷ്‌ട്രീയ കേന്ദ്രങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഖലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ 17 വര്‍ഷം മുന്‍പ് ബംഗ്ലാദേശ് വിട്ട് ലണ്ടനിലേക്ക് പോയ വ്യക്തിയാണ്. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിഎന്‍പി പാര്‍ട്ടിയുടെ നേതൃസ്ഥാനം കയ്യാളി ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കഴിഞ്ഞ ദിവസമാണ് താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ എത്തുന്നത്. അതിന് ശേഷമാണ് ഗുരുതരമായ രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്ന 80 കാരിയായ ഖാലിദ സിയ അന്തരിച്ചത്.

ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ കരുത്തുറ്റ വ്യക്തിത്വവും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഖാലിദ സിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. അവരുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണേഷ്യൻ രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവിനോടുള്ള ആദരസൂചകമായാണ് ഇന്ത്യ ഉന്നതതല പ്രതിനിധിയെ തന്നെ അയക്കാൻ തീരുമാനിച്ചത്. നവംബർ മുതൽ ഗുരുതരാവസ്ഥയിലായിരുന്ന ഖാലിദ സിയയുടെ വിയോഗം ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജയശങ്കറിന്റെ ഈ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം ബംഗ്ലാദേശില്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രബല ശക്തി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിക്ക് ബംഗ്ലാദേശിനെ സമാധാനനാളുകളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നും കരുതുന്നു. ഷേഖ് ഹസീനയോ അവരുടെ പാര്‍ട്ടിയായ അവാമി ലീഗോ ഇല്ലാത്ത തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷലിസ്റ്റ് പാര്‍ട്ടിയാണ് അവിടുത്തെ തീവ്രഇസ്ലാമിസ്റ്റ് പാര്‍ട്ടികളായ ജമാഅത്തെ ഇസ്ലാമി, എന്‍സിപി, ഇന്‍ക്വിലാബ് മഞ്ച തുടങ്ങിയ പാര്‍ട്ടികളേക്കാള്‍ മെച്ചം.

By admin