ന്യൂദൽഹി: ഗഗൻയാൻ പരീക്ഷണ ദൗത്യം ഈ വർഷം ഡിസംബറിൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ മേധാവി വി. നാരായണൻ. ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബഹിരാകാശ യാത്ര കഴിഞ്ഞ് അടുത്തിടെ തിരിച്ചെത്തിയ ശുഭാൻഷു ശുക്ല, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവരും ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കഴിഞ്ഞ 10 വർഷത്തിനിടയിലെ പുരോഗതി അഭൂതപൂർവവും വേഗത്തിലുള്ളതുമാണെന്ന് എസ്ആർഒ ചെയർമാൻ പറഞ്ഞു. 2015 മുതൽ 2025 വരെ പൂർത്തിയാക്കിയ ദൗത്യങ്ങൾ 2005 മുതൽ 2015 വരെ പൂർത്തിയാക്കിയ ദൗത്യങ്ങളുടെ ഇരട്ടിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ കഴിഞ്ഞ 6 മാസത്തിനുള്ളിൽ മൂന്ന് പ്രധാന ദൗത്യങ്ങൾ പൂർത്തീകരിച്ചു. ആക്സിയം-4 ദൗത്യം ഒരു അഭിമാനകരമായ ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഈ ദൗത്യത്തെ പിന്തുണച്ച എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ശുഭാൻഷു ശുക്ല പറഞ്ഞു. ദൗത്യത്തിൽ നമുക്ക് സാങ്കേതിക വിജയം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ എന്നോട് എങ്ങനെ ബഹിരാകാശയാത്രികരാകുമെന്ന് ചോദിക്കുന്നു. ഇത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. ഈ ദൗത്യം ആളുകളെ ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ടെന്ന് ശുക്ല പറഞ്ഞു.
തനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഞാൻ ചെയ്തെങ്കിൽ നിങ്ങൾക്കും ഇത് ചെയ്യാൻ കഴിയും. ഇന്നും ഇന്ത്യ ബഹിരാകാശത്ത് നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മികച്ചതായി കാണപ്പെടുന്നതായും ശുക്ല കൂട്ടിച്ചേർത്തു.