ന്യൂഡൽഹി: ഗണവേഷം ധരിച്ച് വിജയദശമി ദിനത്തിൽ ആർഎസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് . ഇതിന്റെ ചിത്രങ്ങളും കേദാർ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചു.
“നമസ്തേ സദാ വത്സലേ മാതൃഭൂമേ ത്വയാ ഹിന്ദുഭൂമേ സുഖം വർധിതോഹം “ എന്ന വരികൾക്കൊപ്പമാണ് കേദാർ താൻ പഥസഞ്ചലനത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ പങ്ക് വച്ചത് . ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ രാഷ്‌ട്രീയ സ്വയംസേവക സംഘം ഇന്ന് അതിന്റെ ശതാബ്ദി വർഷം പൂർത്തിയാക്കുന്നു,ദേശീയതയുടെ ചൈതന്യം പകരുകയും, ലക്ഷക്കണക്കിന് സ്വയംസേവകരെ രൂപപ്പെടുത്തുകയും, നിസ്വാർത്ഥ സേവനത്തിലൂടെ രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയ്‌ക്ക് അഭിവാദ്യങ്ങൾ…!! സംഘത്തിന്റെ ശതാബ്ദി വിജയദശമി ആഘോഷ വേളയിൽ, ലോകമെമ്പാടുമുള്ള സഹ സ്വയംസേവകർക്ക് ഹൃദയംഗമമായ ആശംസകൾ… വന്ദേമാതരം.”” എന്നും കേദാർ കുറിച്ചു.
2014 നവംബർ 16-ന് ശ്രീലങ്കയ്‌ക്കെതിരെ റാഞ്ചിയിൽ കളിച്ചാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കേദാർ ജാദവ് അരങ്ങേറ്റം കുറിച്ചത് . 73 ഏകദിന മത്സരങ്ങളിൽ, രണ്ട് സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 1389 റൺസ് അദ്ദേഹം നേടി. 27 വിക്കറ്റുകളും അദ്ദേഹം നേടി. അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ ജാദവ് ഒമ്പത് മത്സരങ്ങൾ കളിച്ചു, 123.23 സ്ട്രൈക്ക് റേറ്റിൽ 58 റൺസ് നേടി.
ഐപിഎല്ലിൽ ജാദവ് ചെന്നൈ സൂപ്പർ കിംഗ്സിനെയും സൺറൈസേഴ്‌സ് ഹൈദരാബാദിനെയും പ്രതിനിധീകരിച്ചു. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ സിഎസ്‌കെയ്‌ക്കായി അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തി.