മാണ്ഡ്യ (കർണാടക): കർണാടകത്തിലെ മാണ്ഡ്യ മുമ്പുണ്ടായിട്ടില്ലാത്ത ഹിന്ദു സംഘടിത ശക്തി പ്രകടനത്തിന് സാക്ഷിയായി. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കെതിരെയുണ്ടായ ആക്രമണത്തോടുള്ള പ്രതിഷേധമായിരുന്നു പ്രകടനം.
സംഘർഷ ഭരിതമായ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ പട്ടണത്തിലൂടെ ഇന്ന് വൈകിട് 28 ഗണേശ വിഗ്രഹങ്ങൾ കനത്ത പോലീസ് സുരക്ഷയിൽ ഘോഷയാത്രയായി കൊണ്ടുപോയി, ഷിംഷ നദിയിൽ നിമജ്ജനം ചെയ്തു.
ഞായറാഴ്ച നടന്ന ഗണേശ നിമജ്ജന ഘോഷയാത്രയിൽ ഉണ്ടായ സംഘർഷങ്ങളെയും കല്ലെറിയലിനെയും തുടർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റാം റഹീം നഗറിൽ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ ഒരു സമുദായത്തിലെ അംഗങ്ങളാണ് ഞായറാഴ്ച കല്ലെറിഞ്ഞത്. ഇത് രണ്ട് സമുദായങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് പോവുകയായിരുന്നു.
ഹിന്ദു സംഘടനകളിലെ പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കാവി പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും ഭജന കീർത്തനങ്ങൾക്കൊപ്പം നൃത്തം ചെയ്തും ഘോഷയാത്രയിൽ പങ്കെടുത്തു.
അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ ഭരണകൂടവും മാണ്ഡ്യ പോലീസും പട്ടണത്തിലുടനീളം 2,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. സംസ്ഥാന ബിജെപി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക്, മുൻ മന്ത്രി സി.എൻ. അശ്വതനാരായണൻ, എംഎൽസി: സി.ടി. എന്നിവരുൾപ്പെടെ സംസ്ഥാന ബിജെപി നേതാക്കൾ പങ്കെടുത്തു. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ബോറലിംഗയ്യ, മാണ്ഡ്യ എസ്പി മല്ലികാർജുൻ ബാലദണ്ടി എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിച്ചു.
ഘോഷയാത്രയ്‌ക്ക് മണിക്കൂറുകൾക്ക് മുമ്പ് സുരക്ഷ വിന്യസിച്ചിരുന്നു, ഇതിൽ 15 ഡിവൈ.എസ്.പിമാർ, 35 ഇൻസ്‌പെക്ടർമാർ, 80 പി.എസ്.ഐമാർ, ജില്ലാ സായുധ റിസർവിന്റെ 10 പ്ലാറ്റൂണുകൾ, കർണാടക സ്റ്റേറ്റ് റിസർവ് പോലീസിന്റെ 15 യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.