
തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന സിറ്റി സർക്കുലർ സർവീസ് ഗതാഗത മന്ത്രി ഇല്ലാതാക്കി എന്ന് മാധ്യമ പ്രവർത്തകൻ. ഇടതു പക്ഷ സഹയാത്രികനും മാധ്യമ പ്രവർത്തകനുമായ ടി സി രാജേഷ് ആണ് കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തു വന്നത്.
ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് നഗരത്തിലെ ഇട റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ ബസുകൾ ഗണേഷ് കുമാർ ആട്ടി മറിച്ചതിനെക്കുറിച്ച് ദീർഘമായ വിവരണം തന്നെ രാജേഷ് നൽകുന്നുണ്ട്.
“കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി” . ടി സി രാജേഷ് പറയുന്നു.
ടി സി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഞാൻ താമസിക്കുന്ന ഊന്നാന്‍പാറയില്‍നിന്ന് (പേരൂർക്കട- കുടപ്പനക്കുന്ന് റൂട്ട്) തമ്പാനൂർ വരെ പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ തീരുമാനിച്ചാൽ ചില സമയത്ത് എനിക്ക് രണ്ടോ മൂന്നോ ബസുകൾ മാറിക്കയറേണ്ടിവരും. 30 മുതൽ 50 രൂപ വരെ ചെലവും ഒരുമണിക്കൂറോളം സമയവും ആവശ്യമാണ്. സ്വന്തം വാഹനത്തിലാണെങ്കിൽ 20 മിനിട്ട് മതി. ഓട്ടോ പിടിച്ചാൽ ഏതാണ്ട് 100-150 രൂപ ചെലവാകും.
പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്, കമ്മീഷണർ ഓഫീസ്, കലാഭവൻ തിയേറ്റർ, വിമൻസ് കോളജ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വഴുതക്കാട്ടേക്ക് അത്യപൂർവ്വമായി മാത്രമാണ് പേരൂർക്കടയിൽ നിന്ന് ബസുള്ളത്. അതുപോലെ തന്നെ പട്ടം, മെഡിക്കൽ കോളജ്, ശംഖുമുഖം തുടങ്ങിയ സ്ഥലത്തേക്കൊക്കെ പോകണമെങ്കിൽ പല ബസ് മാറിക്കയറണം. സമയം കൂടുതൽ, ചെലവും കൂടുതൽ. സ്വാഭാവികമായും നമ്മൾ പൊതുഗതാഗതത്തെ അവഗണിക്കേണ്ടിവരും. മരുതംകുഴിയിൽ നിന്ന് കിള്ളിപ്പാലം വരെ നീളുന്ന കൊച്ചാർ റോഡ്, മുക്കോലയ്‌ക്കലിൽ തുടങ്ങി വയലിക്കട- കുറവൻകോണം- നന്ദൻകോട് വഴി പാളയം, പട്ടം- കുറവൻകോണം- കവടിയാർ, ശാസ്തമംഗലം- പൈപ്പിൻമൂട്- പേരൂർക്കട തുടങ്ങി ബസ് സർവ്വീസ് ഇല്ലാത്തതും എന്നാൽ ആളുകൾ ധാരാളമായി സഞ്ചരിക്കുന്നതുമായ ഒട്ടേറെ റോഡുകൾ തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്.
ബിജു പ്രഭാകർ കെഎസ്ആർടിസി എംഡി ആയിരുന്ന സമയത്ത് ഈ റൂട്ടുകളിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായിരുന്നു സിറ്റി സർക്കുലർ ബസുകൾ. പത്തു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. പത്തോ പതിനഞ്ചോ മിനിട്ട് കാത്തുനിന്നാൽ മേൽപ്പറഞ്ഞ ഏതു റൂട്ടിൽ നിന്ന് മിക്കവാറും സ്ഥലത്തേക്ക് ബസ് കിട്ടും. വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സിനു മുന്നിൽനിന്ന് കവടിയാർ വഴിയോ ഇടപ്പഴഞ്ഞി- ശാസ്തമംഗംലം വഴിയോ എനിക്ക് പേരൂർക്കടയ്‌ക്ക് ബസ് കിട്ടുമായിരുന്നു. ഇല്ലെങ്കില്‍ കൃത്യമായ കണക്ഷന്‍ ബസ് ഉണ്ടാകും. ആദ്യമൊക്കെ പത്തുരൂപയ്‌ക്ക് ഒരു ദിവസം ഒന്നിലേറെ കണക്ഷന്‍ ബസുകളില്‍ സഞ്ചരിക്കാമായിരുന്നു. ഗൂഗിൾ മാപ്പിൽ ബസുകളുടെ റൂട്ടും സമയവും സഹിതം ലൂപ് ചെയ്തതോടെ എവിടെ നിന്ന് എവിടേക്ക് എപ്പോൾ ഏതു റൂട്ടിൽ ബസുകിട്ടുമെന്നും അറിയാൻ സാധിക്കുമായിരുന്നു. ഏറെ ജനോപകാരപ്രദമായ നടപടിയായിരുന്നു അത്. സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഈ തീരുമാനം തിരിച്ചടിയായിരുന്നുവെന്നതു മറക്കുന്നില്ല.
ആദ്യമൊക്കെ പഴയ ബസുകളാണ് ഈ സർവ്വീസുകൾക്ക് ഉപയോഗിച്ചിരുന്നത്. റോഡുകൾ ചെറുതായതിനാൽ വലിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. പിന്നീട് സ്മാർട് സിറ്റി പദ്ധതിയിൽപെടുത്തി നഗരസഭ വലുപ്പം കുറഞ്ഞ ഇലക്ട്രിക് ബസുകൾ വാങ്ങിനൽകിയതോടെ മിക്കവാറും സർവ്വീസുകൾ അതിലേക്കു മാറ്റി. ആ സമയത്ത് പലപ്പോഴും ബൈക്കും കാറുമൊന്നും എടുക്കാതെ നഗരത്തിലേക്കിറങ്ങാൻ ഈ ബസുകൾ ഏറെ സഹായകമായിരുന്നു. ചില സമയത്ത് ബസിൽ തിരക്ക് നന്നേ കുറവാണെങ്കിൽ മറ്റു ചിലപ്പോൾ നിൽക്കാൻപോലും ഇടയില്ലാത്ത സ്ഥിതിയായിരിക്കും.
കെ.ബി. ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ ഈ സർക്കുലർ സർവ്വീസിനെ ഘട്ടംഘട്ടമായി പൊളിച്ചു. ബസിന്റെ നിരക്ക് പത്തുരൂപയായിരുന്നത് ആദ്യം എടുത്തുകളഞ്ഞു. പല ബസും സിറ്റി ഫാസ്റ്റ് എന്ന് പുനർക്രമീകരിച്ചാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇടറോഡുകളിലൂടെ പത്തും പതിനഞ്ചും മിനിട്ട് ഇടവിട്ടുണ്ടായിരുന്ന സർവീസുകളിൽ ബഹുഭൂരിപക്ഷവും നിലച്ചു. വലിയ ബസുകൾ സർവ്വീസ് നടത്തുന്ന പതിവു റൂട്ടുകളിലേക്ക് ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തുടങ്ങി. നിരക്ക് ഫാസ്റ്റിന്റേതാക്കി. അതോടെ നഗരത്തിലെ പൊതുഗതാഗതം പഴയ സ്ഥിതിയിലായി. മേൽപ്പറഞ്ഞ റൂട്ടുകളിൽ പലതിലും പേരിനുമാത്രമായി ബസ് സർവ്വീസ്. പുതിയ സംവിധാനവുമായി മെല്ലെ ആളുകള്‍ യോജിച്ചു വന്നുതുടങ്ങിയപ്പോഴേക്കും പഴയ സ്ഥിതി തിരിച്ചെത്തി.
ഒട്ടേറെ ആളുകൾക്ക് ഉപകാരപ്രദമായിരുന്നതും പൊതുഗതാഗതത്തെ പ്രോൽസാഹിപ്പിക്കുന്നതുമായ സംവിധാനമാണ് ഇതോടെ ഇല്ലാതാക്കിയതെന്ന് ദുഃഖത്തോടെയല്ലാതെ പറയാനാകില്ല.