തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചും ഗവര്‍ണറെ അധിക്ഷേപിച്ചും പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്നാണ് അധിക്ഷേപിച്ചിരിക്കുന്നത്. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന പാഠഭാഗത്തിലാണ് ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണെന്നും ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണെന്നുമാണ് പാഠപുസ്തകത്തിലുള്ളത്. ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല, ഗവര്‍ണര്‍ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല, സര്‍ക്കാരിയ കമ്മീഷന്‍ സജീവ രാഷ്‌ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട് തുടങ്ങിയ പരാമര്‍ശങ്ങളും ഉള്‍പ്പെടുത്തി.
കേന്ദ്രസര്‍ക്കാരുകള്‍ ഗവര്‍ണര്‍മാര്‍ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളില്‍ ഇടപെടുന്നു, കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്‌ട്രീയം കലരുന്നുവെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഗവര്‍ണറുടെ പ്രധാന അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭരണഘടന അനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. അദ്ദേഹത്തിന്റെ അധികാര പരിധിയെ കുറിച്ച് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെ പാഠഭാഗം തയാറാക്കിയിരിക്കുന്നത്.