ഗസ: സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രഈല്‍ വീണ്ടും ഗസയില്‍ ആക്രമണം നടത്തിയത്. ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്. ഇതില്‍ ഏഴ് കുട്ടികളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.
ആക്രമണം അസ്വാഭാവികമായി സഞ്ചരിച്ച വാഹനം കണ്ടതിനെ തുടര്‍ന്നാണ് നടത്തിയതെന്നു ഇസ്രഈല്‍ സൈന്യം ന്യായീകരിച്ചു. എന്നാല്‍, ആക്രമിക്കപ്പെട്ടത് നേരത്തെ ഇസ്രഈല്‍ ആക്രമണത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കാണാന്‍ പോയിരുന്ന കുടുംബമാണെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസല്‍ വ്യക്തമാക്കി.
ഇസ്രഈല്‍ അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി ക്രൂരമായി ആക്രമിക്കുന്നതായും മഹമൂദ് ബസല്‍ ആരോപിച്ചു. സമാധാന കരാറില്‍ ഉള്‍പ്പെടുത്തിയ ”യെല്ലോ ലൈന്‍” മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നു ഇസ്രഈല്‍ സൈന്യം വാദിച്ചെങ്കിലും, അതിന് തെളിവുകളൊന്നും നല്‍കിയിട്ടില്ല.
സമാധാന കരാര്‍ നിലവിലായ ശേഷം പോലും ഗസയിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.