ഗസ്സയിലെ ഇസ്രാഈലിന്റെ വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62,000ത്തിലേക്ക്. ഇതുവരെ കാണാതായവരെയും മരിച്ചവരായി കണക്കാക്കിയതോടെ എണ്ണം 67,709 ആയതായും 111,588 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
യുദ്ധത്തില്‍ കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്ത് മെഡിക്കല്‍ സെന്ററുകളില്‍ എത്തിച്ചതായും ഗസ്സ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് മേധാവി സലാമ മറൂഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നിരുന്നാലും, 14,222 പേരെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലോ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
കൊല്ലപ്പെട്ടവരില്‍ 214 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 17,881 കുട്ടികളുണ്ടെന്നും ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങള സലാമ മറൂഫ് പറഞ്ഞു. 20 ലക്ഷത്തിലധികം ആളുകളെ പ്രദേശത്ത് നിന്നും നിര്‍ബന്ധിതമായി പലതവണ കുടിയിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഗുരുതരമായ സാഹചര്യങ്ങളിലാണ് നിരവധി പേര്‍ കഴിയുന്നതെന്നും സലാമ മറൂഫ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ രണ്ടാംഘട്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലെത്തി. ഇന്ന് യുഎസ് പശ്ചിമേഷ്യന്‍ പ്രതിനിധി, സ്റ്റീവ് വിറ്റ്‌കോഫുമായി നെതന്യാഹു ചര്‍ച്ച നടത്തും. നാളെയായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് നെതന്യാഹുവും ട്രംപും തമ്മിലെ കൂടിക്കാഴ്ച നടക്കുന്നത്.