യുനൈറ്റഡ് നേഷന്‍സ്: ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കുന്നതില്‍ ഇസ്രാഈല്‍ പരാജയപ്പെടുന്നുവെന്ന ആശങ്ക ഉയര്‍ത്തി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.
ഗസ്സയിലെ ജനങ്ങള്‍ ഇപ്പോഴും ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ഗുരുതര ക്ഷാമം നേരിടുകയാണ്. ഇസ്രായേല്‍ സൈനിക സാന്നിധ്യം കാരണം അനേകം പേര്‍ക്ക് വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയും തുടരുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളും തുടരുകയാണ്.
വെള്ളിയാഴ്ച നബ്ലുസിലെ അസ്‌കര്‍ ക്യാമ്പില്‍ 18 കാരനായ മുഹമ്മദ് അഹ്‌മദ് അബു ഹനീന്‍ ഇസ്രാഈല്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. ഇതിന് മുന്‍പ് ഹെബ്രോണില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 10 കാരനായ മുഹമ്മദ് അല്‍ ഹല്ലാഖ് സൈനിക വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ ഉറപ്പാക്കല്‍ അമേരിക്കയുടെ പ്രധാന മുന്‍ഗണനയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രാഈലില്‍ നിന്ന് പ്രസ്താവിച്ചു.
തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇസ്രാഈല്‍ അതിനെ ലംഘിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.
ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര സമൂഹത്തിന് ഗൗരവമായി എടുക്കേണ്ട സാഹചര്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.