ഗസ്സയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ല കപ്പലില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇറ്റലിക്കടുത്ത് മാള്‍ട്ടയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ച് ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഗസ്സക്ക് സഹായവുമായി ഫ്രീഡം ഫ്‌ലോട്ടില്ല കൂട്ടായ്മയുടെ ആസൂത്രണത്തില്‍ വന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഫ്രീഡം ഫ്‌ലോട്ടില്ലയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ച് ഡ്രോണ്‍ കപ്പലിന്റെ ജനറേറ്ററിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
ആക്രമണത്തിന് കുറച്ച് നേരം മുന്‍പ് പുറപ്പെട്ട കപ്പലില്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള 30 ഓളം അംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സന്നദ്ധ സംഘടന അറിയിച്ചു. കപ്പലിന്റെ വൈദ്യുതി സംവിധാനവും ആശയവിനിമയ സംവിധാനവും നിലച്ചതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലേക്കുള്ള മുഴുവന്‍ സഹായങ്ങളും കഴിഞ്ഞ രണ്ടുമാസമായി തടഞ്ഞു വെച്ചിരിക്കെയാണ് ഫ്‌ലോട്ടില്ല കൂട്ടായ്മ കപ്പല്‍ മാര്‍ഗം സഹായം എത്തിക്കാന്‍ തീരുമാനിച്ചത്.