ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കാന്‍ ഉച്ചകോടിയില്‍ സമാധാനക്കരാര്‍ ഒപ്പിട്ടു. ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാര്‍ ഒപ്പുവെച്ചത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
എന്നാല്‍, ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പങ്കെടുത്തില്ല. സമാധാന സമ്മേളനത്തില്‍ ഇരുപതിലധികം ലോകനേതാക്കളാണ് പങ്കെടുത്തത്. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ട്രംപ് പ്രശംസിച്ചു.
അതേസമയം ഗസ്സയില്‍ ജീവനോടെ ഉണ്ടായിരുന്ന മുഴുവന്‍ ഇസ്രായേലി ബന്ദികളെയും രണ്ട് ഘട്ടങ്ങളായി ഖാന്‍ യൂനിസ്, നെത്സരിം എന്നിവിടങ്ങളില്‍ വെച്ച് ഹമാസ് കൈമാറി. ആദ്യഘട്ടത്തില്‍ 7 പേരെയും രണ്ടാം ഘട്ടത്തില്‍ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു.
മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേല്‍ സൈനിക ക്യാമ്പില്‍ എത്തിച്ചു. ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറിയതോടെ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 250 ഫലസ്തീന്‍ ബന്ദികളെ ഇസ്രായേലും വിട്ടയച്ചു.