ഹമാസ് പിടിയിലുള്ള 20 ബന്ദികളെ ഇന്ന് വിട്ടയക്കും. ഫലസ്തീന്‍ തടവുകാരുടെ മോചനവും ഗസ്സയിലേക്ക് കൂടുതല്‍ സഹായവിതരണവും ഇന്നുണ്ടാകും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരിക്കും ഇസ്രാഈല്‍ ബന്ദികളെ സ്വീകരിക്കുക. അതേസമയം ഈജിപ്തിലെ കെയ്‌റോയില്‍ ഇന്ന് നടക്കുന്ന സമാധാന ഉച്ചകോടിയില്‍ ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ സംബന്ധിക്കും.
ഇരുപത് ബന്ദികളുടെ മോചനം പ്രദേശിക സമയം കാലത്ത് എട്ടിനുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് റെഡ്‌ക്രോസ് സംഘം മുഖേന ഇസ്രഈലിന് കൈമാറും. ബന്ദിമോചന വേളയില്‍ പ്രദര്‍ശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ് ധാരണ. രാവിലെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇസ്രായേലില്‍ എത്തും. നാലുമണിക്കൂര്‍ ഇസ്രാഈലില്‍ ചെലവഴിക്കുന്ന അദ്ദേഹം ഇസ്രാഈല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും. തിരിച്ചെത്തുന്ന ബന്ദികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഉച്ചയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും.