തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി മേള ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ആണിത്.
21 മുതല്‍ 28 വരെ നീളുന്ന ഈ കായികമാമാങ്കത്തിന്റെ ഉദ്ഘാടനച്ചടങ്ങ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ. എം. വിജയനും, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിക്കും.
ഉദ്ഘാടനച്ചടങ്ങ് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ആരംഭിക്കുക. തുടര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും, ഓരോ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ് വിദ്യാര്‍ഥികളുടെ വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്.
മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും, ഗുഡ്വില്‍ അംബാസഡര്‍ ചലച്ചിത്ര താരം കീര്‍ത്തി സുരേഷുമാണ്.
ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി മത്സരങ്ങള്‍ നടക്കും. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1,944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഏഴ് സ്‌കൂളുകളില്‍ നിന്നുള്ള 35 വിദ്യാര്‍ഥികളും, അതില്‍ 12 പെണ്‍കുട്ടികളും, ഇത്തവണ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മേളയുടെ തീം സോങ് ഈ വര്‍ഷം ആദ്യമായി പൊതുവിദ്യാലയ വിദ്യാര്‍ഥികളാണ് രചിക്കുകയും സംഗീതം പകരുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത് എന്നതാണ് പ്രത്യേകത.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പ് നല്‍കും. ഈ കപ്പ് കാസര്‍കോട് നീലേശ്വരത്തില്‍ നിന്ന് ആരംഭിച്ച്, എല്ലാ ജില്ലകളിലൂടെയും പര്യടനം നടത്തി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
മേളയുടെ സമഗ്ര വിവരങ്ങള്‍ കൈറ്റ് പോര്‍ട്ടല്‍ (sports.kite.kerala.gov.in) വഴി ലഭിക്കും. മത്സര ഫലങ്ങള്‍, മീറ്റ് റെക്കോര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ തത്സമയം കാണാം. കൂടാതെ കൈറ്റ് വിക്ടേഴ്സ് ആപ്, itsvicters YouTube ചാനല്‍, ഇ-വിദ്യ കേരളം ചാനല്‍ എന്നിവ വഴിയും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.