ഗസ്സയിലെ അവശേഷിച്ചിരുന്ന ഏക ആശുപത്രി ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി തകര്‍ത്തു. ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു. രണ്ടുനില കെട്ടിടത്തിലെ ഐ.സി.യു, സര്‍ജറി, ഫാര്‍മസി, ലബോറട്ടറിയും അടക്കമുള്ള സകല സൗകര്യങ്ങളും തകര്‍ന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയവും ദൃക്‌സാക്ഷികളും പറഞ്ഞു.
മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആശുപത്രി കെട്ടിടത്തില്‍നിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെയും, ചികിത്സയിലായിരുന്ന രോഗികള്‍ ജീവന്‍ രക്ഷാര്‍ഥം പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയില്‍ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
നൂറിലേറെ രോഗികളെയും പന്ത്രണ്ടിലേറെ ജീവനക്കാരെയും ആക്രമണം ബാധിച്ചതായി അല്‍ അഹ്‌ലി ആശുപത്രി ഡയറക്ടര്‍ ഡോ. ഫദല്‍ നയീം പറഞ്ഞു. ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയാണ് അല്‍ അഹ്‌ലി. 2023 ഒക്ടോബറിലും ഈ ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഇന്ന് നടന്ന ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും രോഗികളെയും ജീവനക്കാരെയും നിര്‍ബന്ധിതമായി മാറ്റേണ്ടിവന്നെന്നും ഹമാസ് അറിയിച്ചു.