ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയപ്പോള്‍, ആര്‍എസ്എസിനെതിരെ ഗാന്ധിജി സ്വീകരിച്ചിരുന്ന സമീപനം തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
ഗാന്ധിജിയുടെ സഹയാത്രികനും സ്വകാര്യ സെക്രട്ടറിയുമായിരുന്ന പ്യാരീലാല്‍ നയ്യാര്‍ രചിച്ച ‘മഹാത്മാ ഗാന്ധി: ദി ലാസ്റ്റ് ഫേസ്’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജയറാം രമേശ് പ്രതികരിച്ചത്. 1947 സെപ്റ്റംബര്‍ 12-ന് ഗാന്ധി തന്റെ സഹപ്രവര്‍ത്തകനോട് ആര്‍എസ്എസ് ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ സംഘടനയാണെന്ന് വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് അഞ്ച് മാസം ശേഷമാണ് ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചതെന്നും രമേശ് പറഞ്ഞു.
അതോടൊപ്പം, സര്‍ദാര്‍ പട്ടേല്‍ 1948 ജൂലൈ 18-ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്കു നല്‍കിയ കത്തില്‍ ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ പങ്ക് സൂചിപ്പിക്കുന്നുണ്ടെന്നതും രമേശ് ഓര്‍മ്മപ്പെടുത്തി. ഗാന്ധിയുടെ മരണത്തിലേക്ക് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് നയിച്ചതെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”ആര്‍എസ്എസും ഹിന്ദു മഹാസഭയും സംബന്ധിച്ച കേസുകള്‍ കോടതിയില്‍ തുടരുകയാണ്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്, ഇവരുടെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്ന്,” ജയറാം രമേശ് കത്തില്‍ നിന്നു ഉദ്ധരിച്ചു.
അതേസമയം, ഗാന്ധിയെ അനുസ്മരിച്ചുകൊണ്ട് മോദിയും മോഹന്‍ ഭാഗവതും ഗാന്ധിയുടെ സംഭാവനകളെ പ്രശംസിച്ചിരുന്നു. ഗാന്ധിയുടെ ധൈര്യവും ലാളിത്യവും വികസിത ഭാരതത്തിന് പ്രചോദനമാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ ദുരന്തസാഹചര്യങ്ങളില്‍ ആദ്യം എത്തുന്നവര്‍ ആര്‍എസ്എസുകാരാണെന്നും വയനാട് ദുരന്തത്തെ ഉദാഹരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.