• Wed. Dec 31st, 2025

24×7 Live News

Apdin News

ഗാലറിയില്‍നിന്നു വീണ് പരുക്കേറ്റ സംഭവം; രണ്ടു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസിന്റെ വക്കീല്‍ നോട്ടീസ്

Byadmin

Dec 31, 2025



കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എം.എല്‍.എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ.പോള്‍ ജേക്കബ് വഴി നല്‍കിയ നോട്ടീസില്‍ പറയുന്നു. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയായിരുന്നു എം.എല്‍.എ താത്കാലിക വേദിയില്‍ നിന്ന് വീണത്. മൃദംഗ വിഷന്‍ ആന്‍ഡ് ഓസ്‌കര്‍ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. നൃത്തപരിപാടിക്കായി 9 ലക്ഷം രൂപയ്‌ക്കാണ് സ്റ്റേഡിയം വാടയ്‌ക്ക് എടുത്തത്. 12,000 പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയത്തില്‍ പരിപാടി അനുവദിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

ഗാലറിയുടെ മുകളില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. 10.5 മീറ്റര്‍ ഉയരത്തിലായിരുന്ന വേദിയില്‍ നിന്നാണ് വീണത്. കൈവരി ഉണ്ടായിരുന്നില്ല. 50 സെന്റീമീറ്റര്‍ സ്ഥലമാണ് മുന്‍നിര സീറ്റിനുമുമ്പില്‍ ഉണ്ടായിരുന്നത് . ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്ട്രെച്ചര്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം 10 മിനിറ്റോളം എടുത്താണ് സ്‌റ്റേഡിയത്തിന് പുറത്ത് എത്തിച്ചത് തന്നെ. 9 ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുക്കാനായത്. സ്വതന്ത്രമായി നടക്കാന്‍ മാസങ്ങള്‍ എടുത്തു. ഇപ്പോഴും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

സ്റ്റേഡിയം വാടകയ്‌ക്ക് നല്‍കുമ്പോള്‍ അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്‌ക്ക് ബാധ്യതയുണ്ട്. എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവു. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ.

ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. അതിനാല്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എംഎല്‍എയുടെ ആവശ്യം.

By admin