ടെൽ അവീവ് : ഗാസയിൽ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്ന കാര്യം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പദ്ധതിയുടെ ചില നിബന്ധനകൾ അംഗീകരിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന വന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ യുഎസ് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഹമാസുമായി പരോക്ഷ ചർച്ചകൾ തിങ്കളാഴ്ച ഈജിപ്തിൽ നടക്കും. ഈ വേളയിൽ സാങ്കേതിക കാര്യങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനായി ഈജിപ്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചതായി ഒരു ഹ്രസ്വ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ചർച്ചകൾ അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഹമാസ് ചില നിബന്ധനകൾക്ക് തയ്യാറാണെന്ന് അറിയിച്ച പ്രസ്താവനയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു. എന്നാൽ ഹമാസ് വേഗത്തിൽ പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ എല്ലാ സാധ്യതകളും നഷ്ടപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.