ടെല്‍ അവീവ്: ഹമാസ് ഭീകരരെ ഞെട്ടിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇസ്രയേല്‍ സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയുന്നതിനാണ് നെതന്യാഹു ഗാസ സന്ദര്‍ശിച്ചത്.
പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും കരസേനാ മേധാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്റ്റിക് ഹെല്‍മറ്റും വച്ചാണ് നെതന്യാഹു ഗാസയില്‍ എത്തിയത്. ഗാസയിലെ ഒരു കടല്‍ത്തീരത്ത് നില്‍ക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇനി ഒരിക്കലും ഹമാസ് പാലസ്തീന്‍ ഭരിക്കില്ലെന്നും അവരുടെ സൈനിക ശേഷി പൂര്‍ണമായും നശിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗാസയില്‍ കാണാതായ 101 ഇസ്രയേല്‍ ബന്ദികള്‍ക്കായുള്ള തിരച്ചില്‍ തുടരും. ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ വീതം നല്‍കും. ബന്ദികളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ വേട്ടയാടിപ്പിടിച്ച് ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 2023 ഒക്ടോ. ഏഴിനാണ് ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ ആക്രമണം നടത്തിയത്. അന്ന് ഗാസയില്‍ നിന്ന് ഹമാസിന്റെ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ തീമഴയായി പെയ്തിറങ്ങി. 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 200 ലേറെ ഇസ്രയേലികളെ ബന്ദികളാക്കി. ഇസ്രയേല്‍ അന്ന് ഗാസയില്‍ തുടങ്ങിയ തിരിച്ചടി ഇപ്പോഴും തുടരുകയാണ്. ഹമാസ് ഭീകരരെ ഏതാണ്ട് പൂര്‍ണമായും തന്നെ കൊന്നൊടുക്കിയതിന്റെ സൂചനയാണ് നെതന്യാഹു പങ്കുവയ്‌ക്കുന്നത്.