ഗാസ > ഗാസ മുനമ്പിലെ നുസെറാത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
അൽ അവ്ദ ആശുപത്രിയുടെ ഗേറ്റിന് സമീപം ‘പ്രസ്’ എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയ വാഹനത്തിനു നേരെയാണ് ബോംബേറുണ്ടായത്. പലസ്തീൻ ചാനലായ അൽ ഖുദ്‌സ് ടുഡേയുടേതായിരുന്നു വാഹനമെന്ന് പലസ്തീൻ വാർത്താ ഏജൻസിയായ ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് പറഞ്ഞു. ആക്രമണത്തിൽ അൽ ഖുദ്‌സ് ടുഡേയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക ആരോഗ്യകേന്ദ്രവും സ്ഥിരീകരിച്ചു.
ഇതിനു മുമ്പ് ഗാസയിലെ ആറ് അൽ ജസീറ റിപ്പോർട്ടർമാർ പലസ്തീൻ ഇസ്ലാമിക് ജിഹാദിലും ഹമാസിലും ഉള്ളവരാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴുമുതൽ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ നിരവധി മാധ്യമപ്രവർത്തകരാണ് വേട്ടയാടപ്പെട്ടിട്ടുള്ളത്. ഒക്‌ടോബർ 26 ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ ലബനനിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകണമെന്ന് അന്താരാഷ്ട്ര മാധ്യമ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ